കേരളം
ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതിൽ കൂടുതൽ ചർച്ച, ഇന്ന് ഉന്നതതലയോഗം
കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ- ഓൺലൈൻ ക്ലാസുകളും ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.
ക്ലാസ്സുകൾ വൈകിട്ട് വരെയാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമാകും തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ന് ഉന്നതതലയോഗം ചേർന്ന ശേഷം, ചൊവ്വാഴ്ച്ച അധ്യാപകസംഘടനകളുമായും സർക്കാർ ചർച്ച നടത്തും. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഫോക്കസ് ഏരിയയെ വിമർശിച്ച അധ്യാപകർക്കെതിരായ വിവാദ നടപടി നീക്കത്തിലും മന്ത്രി വിശദീകരണം നടത്തി. കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയതെന്നും, വിശദീകരണം ചോദിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നുമാണ് ശിവൻകുട്ടി പറഞ്ഞത്. വിവാദമായ ഫോക്കസ് ഏരിയയിൽ സർക്കാരിനെ വിമർശിച്ച കണ്ണൂരിലെ അധ്യാപക സംംഘടനാ പ്രവർത്തകൻ പി പ്രേമചന്ദ്രന് കാരണം കാണിക്കൽ നോട്ടീസയച്ചത് വിവാദമായിരുന്നു. സർക്കാർ നയത്തെ വിമർശിച്ചതിന്റെ പേരിലുള്ള നടപടി നീക്കം ഇടതനുകൂല സംഘടനകളിൽത്തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.