കേരളം
സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ, കെ-സ്മാർട്ട്; രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം
സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തുന്ന പുത്തൻ പദ്ധതിയാണ് കെ-സ്മാർട്ട്. എങ്ങനെയാണ് കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്യേണ്ടത്? എങ്ങനെയാണ് സേവനങ്ങൾ ലഭ്യമാകുക. https://ksmart.lsgkerala.gov.in/ui/web-portal ആണ് കെ-സ്മാർട്ടിന്റെ വെബ്സൈറ്റ്. ഹോംപേജിന്റെ മുകളിൽ ഇടത് ഭാഗത്ത് ക്ലിക് ചെയ്ത് രജിസ്ട്രേഷൻ ചെയ്യാം. ആധാർ കാർഡ് നമ്പർ നൽകിയാൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ പറ്റൂ. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിൽ ഒടിപി കിട്ടും.ഒടിപി ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ ആധാർ കാർഡിലെ പേര് തെളിഞ്ഞു വരും. രജിസ്ട്രേഷൻ പൂർണ്ണം. പിന്നാലെ മൊബൈൽ നമ്പർ ആവശ്യപ്പെടുന്ന സ്ക്രീൻ തെളിയും.
ഒരു വട്ടം കൂടി നമ്പർ അടിച്ചു നൽകണം, വീണ്ടും ഒടിപി വെരിഫൈ ചെയ്ത് വാട്സാപ്പ് നമ്പറും ഇമെയിൽ ഐഡിയും നൽകിക്കഴിഞ്ഞാൽ കെ സ്മാർട്ട് ഉപയോഗിക്കാം. മൈ അപ്ലിക്കേഷൻസ് എന്ന ടാബിൽ ക്ലിക് ചെയ്താൽ ഇത് വരെ നൽകിയ അപേക്ഷകളും അവയുടെ നിലവിലെ സ്ഥിതിയും അറിയാം. പുത്തൻ അപേക്ഷ സമർപ്പിക്കാൻ മുകളിൽ അപ്ലൈ എന്നൊരു ടാബ് ഉണ്ട്. സിവിൽ രജിസ്ട്രേഷൻ വിഭാഗത്തിലാണ് ജനന, മരണ, വിവാഹ സർട്ടിഫിക്കേറ്റുകളുടെ രജിസ്ട്രേഷനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്.
തൊട്ട് താഴെ പ്രൊപ്പർട്ടി ടാക്സ്, ബിൽഡിംഗ് പെർമിറ്റ് എന്നീ ഓപ്ഷനുകൾ. ഇപ്പോൾ സേവനം മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മാത്രമാണ്. പഞ്ചായത്തുകൾ കെ- സ്മാർട്ടാവാൻ ഏപ്രിൽ വരെ കാത്തിരിക്കണം. KSMART – LOCAL SELF GOVERNMENT എന്ന പേരിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് എത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലെ ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഐകെഎമ്മിന്റെ 100 അംഗ സംഘം120 ദിവസം കൊണ്ട് ആപ്പ് നിർമ്മാണം പൂർത്തിയാക്കിയെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.