കേരളം
കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍; അഞ്ഞൂറിലധികം വീടുകള്‍ തകര്‍ന്നു; കോടികളുടെ നാശനഷ്ടം
സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ ദുരിതത്തിലായി ജനജീവിതം. പല ജില്ലകളിലും ഇപ്പോഴും മഴ തുടരുകയാണ്. നാളെ വൈകീട്ടോടെ ദുര്‍ബലമാകുന്ന മഴ പന്ത്രണ്ടിന് ശേഷം വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.
ദുരിതപ്പെയ്ത്തില്‍ സംസ്ഥാനത്താകെ അഞ്ഞൂറിലധിം വീടുകളും നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് 91 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആയിരത്തിലധികം പേര് ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 20 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ഞൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. വീടുതകര്‍ന്നവര്‍ക്ക് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
വടക്കന്‍ മേഖലയിലാണ് ഇന്ന് കനത്ത മഴ തുടരുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. കോഴിക്കോട് ജില്ലയില്‍ വിവിധ വില്ലേജകുളിലായി 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശത്തെ വീടുകളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് കാപ്പിമല വൈതല്‍ക്കുണ്ട് വെളളച്ചാട്ടത്തിന് സമീപം ഉരുള്‍പ്പൊട്ടി. ആള് അപായം ഉണ്ടായിട്ടില്ല. വ്യാപകമായി കൃഷിനാശം സംഭവിച്ചു. ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു, മതിലിടിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മലയോരമേഖലയിലാണ് ദുരിതം രൂക്ഷം. കണ്ണൂര്‍ കാരശേരി ചെറുപുഴ കരകവിഞ്ഞൊഴുകുകയാണ്. വല്ലത്തായിപ്പുഴ പാലം മുങ്ങി. കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ രാമവര്‍മപുരത്ത് വന്മരം കടപുഴകി വീണതിനെ തുടര്‍ന്ന് നാലുപോസ്റ്റുകള്‍ തകര്‍ന്നു. ദേശീയപാതയിലെ കുതിരാനില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന് പരിസരത്ത് മരം കടപുഴകി വീണു. കസ്റ്റഡിയിലെടുത്ത എട്ടുവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊല്ലത്ത് കടലാക്രമണ രൂക്ഷമായി തുടരുകയാണ്.