കേരളം
ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ നേട്ടവുമായി കേരള പോലീസ്
നവമാധ്യമങ്ങളിൽ തരംഗമായ കേരള പോലീസ് മറ്റൊരു സുപ്രധാന നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. . ലോകത്ത് ഏറ്റവുമധികം ഫോള്ലോവേർസ് ഉള്ള സ്റ്റേറ്റ് പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം ഇപ്പോൾ വൺ മില്യൺ (പത്തു ലക്ഷം) ആരാധകരുള്ള ആദ്യത്തെ പോലീസ് ഇൻസ്റാഗ്രാം അക്കൗണ്ടെന്ന അപൂർവ നേട്ടം കേരള പോലീസ് സ്വന്തമാക്കിയത്.
രാജ്യത്തെ പ്രധാന പോലീസ് സേനകളായ മുംബൈ പോലീസിനെയും ബാംഗ്ലൂർ സിറ്റി പോലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പോലീസിന്റെ ഈ ശ്രദ്ധേയമായ മുന്നേറ്റം. രാജ്യാന്തര തലത്തിൽ ഇന്റർപോളിനും ന്യൂയോർക്ക് പോലീസിനും അഞ്ചു ലക്ഷത്തിൽ താഴെമാത്രമാണ് ആരാധകരുള്ളത്.
2018ൽ പോലീസ് ആസ്ഥാനത്തു ആരംഭിച്ച സോഷ്യൽ മീഡിയ സെല്ലിന്റെ കീഴിൽ പോലീസിന്റെ നവമാധ്യമ ഇടപെടലുകൾ ഏറെ ജനപ്രീതിയാർജിക്കുകയുണ്ടായി. കൗമാരക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാമിൽ അവരുടെ അഭിരുചികൾക്കനുസൃതമായ തരത്തിൽ തയ്യാറാക്കിയ പോലിസിന്റെ ബോധവൽക്കരണ പോസ്റ്റുകളും ചെറു വിഡിയോകളും വൻ ഹിറ്റുകളായി.
എ ഡി ജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള മീഡിയ സെല്ലിൽ എ.എസ് ഐ കമൽനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിമൽ വി.എസ് , സന്തോഷ് പി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ബി .ടി, സന്തോഷ് കെ., അഖിൽ, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.