കേരളം
പ്രഭാത സവാരി അപകട രഹിതമാക്കാൻ നിര്‍ദ്ദേശങ്ങളുമായി കേരളാ പോലീസ്
പ്രഭാത സവാരി അപകട രഹിതമാക്കാൻ നിര്‍ദ്ദേശങ്ങളുമായി കേരളാ പോലീസ്. വെളിച്ചമില്ലായ്മയും വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങളും കറുത്ത റോഡും തുടങ്ങി നിരവധി കാരണങ്ങളാല്‍ പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് വച്ചുപോലും കാണുക ദുഷ്കരമാകും.
കാല്‍നടയാത്രക്കാരനെ വളരെ മുന്‍ കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. വണ്ടിയിലെ ഡ്രൈവര്‍ തന്നെ കാണുന്നു എന്നും റോഡില്‍ കൂടി നടക്കുന്നയാള്‍ ചിന്തിക്കുന്നു. മഴ, മൂടല്‍മഞ്ഞ്, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവയും അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈയിടെ പഴങ്ങനാട് ഭാഗത്ത് പ്രഭാത നടത്തിനിറങ്ങിയ രണ്ടുപേര്‍ മരണപ്പെട്ടതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.
നിര്‍ദ്ദേശങ്ങള്‍
▪️പ്രഭാത സവാരി കഴിയുന്നതും നേരം വെളുത്തതിന് ശേഷമാവാം.
▪️കഴിയുന്നതും മൈതാനങ്ങളോ പാര്‍ക്കുകളോ നടക്കാനായി തിരഞ്ഞെടുക്കുക.
▪️വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ ഉപയോഗിക്കാം.
▪️തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
▪️ഫുട്പാത്ത് ഇല്ലാത്ത റോഡുകളില്‍ വലതുവശം ചേര്‍ന്ന് നടക്കുക.
▪️ഇരുണ്ട നിറങ്ങളിലെ വസ്ത്രങ്ങള്‍ ഒഴിവാക്കുക. വെളുത്തതോ ഇളം കളറുള്ളതോ ആയ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
▪️റിഫ്ളക്ടീവ് ജാക്കറ്റുകളൊ വസ്ത്രങ്ങളൊ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
▪️ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് നമ്മുടെ ശ്രദ്ധ വഴിതിരിക്കാനിടയുണ്ട്.
▪️കൂടെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കണം.
▪️വര്‍ത്തമാനം പറഞ്ഞു കുട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.
▪️മൂടല്‍ മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളിലും കറുത്ത കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കുക