കേരളം
കുട്ടികളുമൊത്ത് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുകയെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്
ഇരുചക്ര വാഹനങ്ങളും കാറുകളും ഓടിക്കുന്ന നമ്മൾ ഒരുപക്ഷേ തീരെ അലക്ഷ്യമായാണ് കുട്ടികളുമായി യാത്ര ചെയ്യാറുള്ളത്. കുട്ടികളുമായി ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നതിനെപ്പറ്റി പോലും വ്യക്തതയില്ല എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ ഇതാ കുട്ടികളുമായി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്.
പൊലീസിന്റെ മുന്നറിയിപ്പ്:
ബൈക്കുകളിൽ പെട്രോൾ ടാങ്കിന്റെ മുകളിൽ ഇരുത്തിയും ഉറക്കിയും സ്കൂട്ടറുകളിൽ പ്ലാറ്റ്ഫോമിൽ നിർത്തിയുമൊക്കെ കുട്ടികളെ കൊണ്ടുപോകാറുള്ള കാഴ്ച സ്ഥിരമാണ്. കുഞ്ഞു കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പരമാവധി ശ്രദ്ധപുലർത്തുക. ബൈക്കിൽ കുട്ടികളുമായി ദൂരയാത്ര ഒഴിവാക്കുക. കുട്ടികൾ ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. അഥവാ കുട്ടികളുമായി യാത്ര ചെയ്യുന്നെങ്കിൽ കുട്ടികളെ ബൈക്ക് ഓടിക്കുന്നയാളുടെയും പിന്നിലെ യാത്രക്കാരന്റെയും ഇടയിൽ മാത്രം ഇരുത്തുക.
സിംഗിൾ സീറ്റ് ബൈക്കുകളിൽ കുട്ടികളുമായി യാത്ര ചെയ്യാതിരിക്കുക. സ്‌കൂൾ കുട്ടികൾക്ക് ഹെൽമറ്റ് ഉപയോഗിക്കുക. ചിലർ കുട്ടികളെ ഇരുചക്ര വാഹനത്തിൽ നിർത്തി യാത്ര ചെയ്യുന്നത് കാണാം. ഇതുമൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്.