കേരളം
സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്, വയനാട്ടിൽ വടിവാളുകൾ കണ്ടെടുത്തു
എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന. വയനാട്ടിലും പാലക്കാട്ടും ആലപ്പുഴയിലും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് കേരളാ പൊലീസ് പരിശോധന നടന്നത്. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. എൻഐഎ റെയ്ഡിന്റെ തുടർച്ചയായാണ് പൊലീസും പരിശോധനക്കിറങ്ങിയത്. വയനാട്ടിലെ പിഎഫ്ഐ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ എരുമത്തെരുവിലെ എസ് & എസ് എന്ന ടയറുകടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. സലീം ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. വയനാട് വെള്ളമുണ്ടയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.
പാലക്കാട്ട് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും, സ്ഥാപങ്ങളിലുമാണ് പരിശോധന. കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് വിംഗ് ആയി തിരിഞ്ഞാണ് പരിശോധന. പിഎഫ്ഐക്ക് ഒപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകൾ സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ മുൻ ജില്ലാ ഭാരവാഹി സുലൈമാന്റെ ശംഖ്വാരത്തോടിലെ വീട്ടിലും പൊലീസ് സംഘമെത്തി പരിശോധന നടത്തി. അടുത്ത ദിവസങ്ങളിലും റൈഡ് തുടരുമെന്നാണ് വിവരം. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടന്നു.
പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ ദിവസത്തെ അക്രമവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടന്നു. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സുനീറിന്റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. ഹർത്താൽ ദിവസത്തെ അക്രമക്കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു. ഇവിടെ നിന്നും ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകള്‍ കണ്ടെത്താനാണ് പരിശോധന നടന്നതെന്നാണ് പുറത്തു വന്ന വിവരം.