കേരളം
ശബരിമല തീര്‍ത്ഥാടനം ; നിലയ്ക്കലില്‍ ഇനി ഫാസ്ടാഗോടെ വിശാല പാര്‍ക്കിങ് സൗകര്യം; നിരക്ക് ഇങ്ങനെ
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയതായി കേരള പോലീസ്. ഫാസ്ടാഗ് ഉപയോഗിച്ചാണ് പാര്‍ക്കിംഗ് ഫീസ് പിരിക്കുക. പാര്‍ക്കിംഗ് ഫീസ് അടയ്ക്കാനായി റോഡില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് സഹായകമാകുമെന്നും കേരള പോലീസ് അറിയിച്ചു.
മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ഏഴുമണിക്കൂര്‍ നേരമാണ് ദര്‍ശനത്തിനായി ഭക്തര്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വന്നത്. ഈ പശ്ചാത്തലത്തില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയത് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും.
നിലയ്ക്കലില്‍ ഓട്ടോറിക്ഷയ്ക്ക് 15 രൂപയാണ് പാര്‍ക്കിങ് ഫീസ്. കാറുകള്‍ 30 രൂപ നല്‍കണം. അഞ്ചുമുതല്‍ 14 സീറ്റുകള്‍ വരെയുള്ള വാഹനങ്ങള്‍ക്ക് 50 രൂപയാണ് പാര്‍ക്കിങ് ഫീസ്. 15 മുതല്‍ 25 വരെയുള്ള സീറ്റുകള്‍ക്ക് വീണ്ടും കൂടും. 75 രൂപയാണ് ഫീസ്. 26 സീറ്റിന് മുകളിലുള്ള ഏതൊരു വാഹനത്തിനും 100 രൂപയാണ് പാര്‍ക്കിങ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.