കേരളം
കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിന് ഇ-ഗവേണന്‍സ് അവാര്‍ഡ്
ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018 ലെ ഇ- ഗവേണന്‍സ് അവാര്‍ഡ് സോഷ്യല്‍ മീഡിയാ വിഭാഗത്തിലെ ഒന്നാം സ്ഥാനത്തുള്ള കേരളാ പോലീസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗത്തിന് ലഭിച്ചു.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങള്‍ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ ഗവേണന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പര്‍ക്ക രീതികളില്‍ നിന്ന് വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടലിന് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കേരള പോലീസിന് ഈ അവാര്‍ഡ് ലഭിച്ചത്.
കേരളാ പോലീസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ചുരുങ്ങിയ കാലം കൊണ്ട് ഏറെ ജനപ്രീതി ആര്‍ജ്ജിക്കുകയും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയുമുണ്ടായി.
പോലീസിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക്, സൈബര്‍ സംബന്ധമായ ബോധവല്‍ക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനകരമായ വിവരങ്ങള്‍ നല്‍കുന്നതിന് നവമാധ്യമങ്ങളുടെ സാധ്യതകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്.
ട്രോളുകളിലൂടെയും വിഡിയോകളിലൂടെയും രസകരമായ മറുപടികളിലൂടെയും മലയാളി മനസുകളെ കീഴടക്കിയ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് 15 ലക്ഷം ഫോളോവേഴ്സുമായി ലോകത്തെ പോലീസ് ഫേസ്ബുക് പേജുകളില്‍ മുന്‍നിരയിലാണ്.
എ ഡി ജി പി മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ കൈകാര്യം ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരായ കമലനാഥ് കെ ആര്‍, ബിമല്‍ വി എസ്, സന്തോഷ് പി എസ്, അരുണ്‍ ബി ടി, സന്തോഷ് കെ, അഖില്‍ പി എന്നിവരാണ്.മുന്‍ ടെലികോം സെക്രട്ടറി അരുണാ സുന്ദര്‍രാജന്‍ അധ്യക്ഷയായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.