കേരളം
നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല, കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രംമെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് നിർദേശം
കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ കൂടുതല്‍ മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയല്‍സംസ്ഥാനങ്ങളെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ, കേരളത്തില്‍ പ്രതിദിനം 30,000ലധികം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 85 ശതമാനം രോഗികളും വീടുകളിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. നിലവില്‍ കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനം കൃത്യമായി പാലിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍, നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു നിര്‍ദേശിച്ചു. ജില്ലാ തലത്തില്‍ നടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. രോഗബാധയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വീടുകളില്‍ കോവിഡ് മുക്തമാകുന്നവര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കൃതമായി പാലിക്കുന്നില്ല. അതുകൊണ്ടാണ് വൈറസ് വ്യാപനത്തെ തടയാന്‍ സാധിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണം. ആളുകളുടെ സഞ്ചാരം നിയന്ത്രിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.