കേരളം
കേരളാ മോഡല്‍ രാജ്യത്തിന് അഭിമാനം; സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍
റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടം സ്തുത്യര്‍ഹമാണ്. അടിസ്ഥാന വികസനത്തില്‍ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണ്. വാക്സിനേഷനിലും കേരള രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കൊവിഡ് കാലം ഇന്ത്യയുടെ ശക്തിയും നേതൃപാടവവും വിളിച്ചറിയിച്ചു. ദേശീയ സ്വപ്നങ്ങള്‍ കൈകരിക്കുന്നതില് സംസ്ഥാനത്തിന്റെ പങ്ക് വലുതാണ്. കൊവിഡ് നിയന്ത്രണത്തിലും വാക്സിനേഷനിലും കേരളം ഒന്നാമതാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനം വലിയ അംഗീകാരങ്ങളാണ് നേടിയത്.
ആരോഗ്യ സൂചകങ്ങളില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും സംസ്ഥാനങ്ങളുടെ നീതി ആയോഗ് റാങ്കിംഗില്‍ കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയില്‍ രാജ്യത്ത് അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിയതും ശ്രദ്ധേയമായ നേട്ടമെന്നും ഗവര്‍ണര്‍ പറഞ്ഞു.സാക്ഷരതയിലും ആരോഗ്യത്തിലും സ്കൂള്‍ വിദ്യാഭ്യാസത്തിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു.