കേരളം
വെന്റിലേറ്ററുകൾ നിറയുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ഐസിയു നിറഞ്ഞു
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ആശങ്കയായി കേരളവും. സർക്കാർ ആശുപത്രികളിൽ ഐസിയുവും , വെന്റിലേറ്ററുകളും നിറയുന്ന സാഹചര്യമാണ് നിലവിലുളളത്. സ്വകാര്യ മേഖലയിലെ 85% കിടക്കകളും നിറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ഐസിയു നിറഞ്ഞു. 90 ശതമാനം ഓക്സിജൻ കിടക്കകളും നിറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യം ലഭ്യല്ലാത്ത സ്ഥിതിയാണ്. കോഴിക്കോട് ,തൃശ്ശൂര്‍, എറണാകുളം ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നിറഞ്ഞുകഴിഞ്ഞു. മറ്റിടങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഐ സി യു കിടക്കകളും ഒഴിവില്ലാത്ത സ്ഥിതിയിലാണ്.
ഒട്ടേറെ ആളുകളില്‍ കോവിഡ് ലഘുവായ ലക്ഷങ്ങളോടെ വന്നുപോകുന്നുണ്ടെങ്കിലും രണ്ടാം തരംഗത്തില്‍ അതിതീവ്ര പരിചരണം വേണ്ടി വരുന്ന രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. കടുത്ത ന്യുമോണിയയും മറ്റ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും മൂലം ഏറെ പേര്‍ക്ക് ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വേണ്ടിവരുന്നു. മാത്രമല്ല, അതിതീവ്ര പരിചരണവും നിരീക്ഷണവും കുറേ ദിവസങ്ങള്‍ വേണ്ടി വരുന്നതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചവരെ അതിവേഗം മാറ്റാനും സാധിക്കുന്നില്ല. ഇതോടെ സംസ്ഥാനത്ത് കടുത്ത വെന്റിലേറ്റര്‍ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന അവസ്ഥയില്‍ കൂടുതല്‍ താല്‍ക്കാലിക ചികിത്സാകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് അടിയന്തരമായി സ്ഥാപിക്കേണ്ടി വരും. നിലവില്‍ അടഞ്ഞുകിടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഹോട്ടലുകള്‍ എന്നിവ ഏറ്റെടുത്ത് ഇത്തരം താല്‍ക്കാലിക കേന്ദ്രങ്ങള്‍ വ്യാപകമായി ഒരുക്കിയില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകാനാണ് സാധ്യത. കോവിഡ് രണ്ടാം തരംഗം അതിന്റെ ഏറ്റവും ഉയര്‍ന്ന കണക്കില്‍ ഇതുവരെ എത്തിയിട്ടില്ലെന്ന നിഗമനം കൂടി കണക്കിലെടുത്ത് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ അടിയന്തിരമായി ഒരുക്കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.