കേരളം
വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞു; ആദ്യം നാട്ടിലേക്കു വരട്ടെയെന്ന് ഹൈക്കോടതി
വിജയ് ബാബു നാട്ടിലെത്തുക എന്നതാണ് പ്രധാനം. അടുത്ത ദിവസം നാട്ടിലെത്തുമെന്ന ഉറപ്പുണ്ടെങ്കിൽ രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് അറസ്റ്റിൽ നിന്നു സംരക്ഷണം നൽകാമെന്നു കോടതി വ്യക്തമാക്കി. എന്നാൽ, ഇതിനെതിരായ നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. പ്രതി നാട്ടിലെത്തി നിയമത്തെ നേരിടട്ടെ എന്നു ജഡ്ജി നിലപാടെടുത്തു. മുൻകൂർ ജാമ്യം നിഷേധിക്കുന്നതുകൊണ്ട് എന്താണു ഫലമെന്നു ചോദിച്ച കോടതി, അത് വിജയ് ബാബു വിദേശത്തുതന്നെ തുടരുന്നതിലേയ്ക്കു കാര്യങ്ങളെ നയിക്കുമെന്നും വ്യക്തമാക്കി.
നിയമത്തെ മറികടന്നു വിദേശത്തു പോയി പലരും രക്ഷപെട്ടിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കരുത്. നാട്ടിലെത്തിയശേഷം ഹർജി തള്ളുകയാണെങ്കിൽ അറസ്റ്റു ചെയ്യാം. അപ്പോൾ അന്വേഷണ സംഘത്തിന് ഇന്റർപോളിനെ സമീപിക്കേണ്ടി വരില്ല. പ്രതി നാട്ടിൽ തിരിച്ചെത്തുന്നതിനെ എതിർക്കുന്നത് പ്രതിക്കുവേണ്ടി സംസാരിക്കുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസ് രജിസ്റ്റർ ചെയ്ത പിന്നാലെ പ്രതി രാജ്യം വിട്ടതിനെ അനുകൂലിക്കുന്നില്ലെന്നും അയാൾക്കു തിരിച്ചു വരാൻ അവസരം നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്നും കോടതി വ്യക്തമാക്കി.
വിജയ് ബാബുവിനെ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ പിടിവാശി കാണിക്കരുത്. പൊലീസിന്റെ ധാരണ ശരിവയ്ക്കാനല്ല കോടതി. ഇത് ഈഗോയുടെ പ്രശ്നമല്ല. പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് പ്രധാനം. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷി ചേർക്കാമെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ നാട്ടിൽ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്. ഇന്നു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ് ബാബു ശ്രമിക്കുന്നത്.