കേരളം
മുല്ലപ്പെരിയാറിൽ രാത്രിയില്‍ വെള്ളം തുറന്നുവിടുന്നതില്‍ തമിഴ്നാടിനെ തടയണം; സുപ്രീംകോടതിയില്‍ കേരളം പുതിയ അപേക്ഷ നല്കി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് രാത്രി വെള്ളം തുറന്നു വിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു.അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു.
ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം എന്ന് മേല്‍നോട്ട സമിതിയോട് നിര്‍ദ്ദേശിക്കണമെന്നും പുതിയ അപേക്ഷയില്‍ പറയുന്നു.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് രാത്രികാലങ്ങളില്‍ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നത്. വീടുകളില്‍ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയില്‍ നല്കുന്ന അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്താനാണ് തീരുമാനം.
അടിയന്തര ഇടപെടല്‍ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും മേല്‍നോട്ട ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും കേരളം ആരോപിക്കുന്നു. വെള്ളിയാഴ്ച കേരളത്തിന്റെ അപേക്ഷ കോടതി പരിഗണിക്കും.