കേരളം
രോഗലക്ഷണമില്ലെങ്കിൽ ഹോം ഐസലേഷന്‍ 10 ദിവസം; ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കോവിഡ് ലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസലേഷൻ പത്തു ദിവസമാക്കി കുറച്ചു.
കോവിഡ് പോസിറ്റീവായവരെല്ലാം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാർഗരേഖ. അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി ഉയർത്തി.
മൂന്നാം തരംഗത്തിൽ മരണസംഖ്യ ഉയരാതിരിക്കുന്നതിന് ചികിത്സാ മാർഗരേഖയും പരിഷ്കരിച്ചു. ഗർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക പരിചരണം ഒരുക്കുകയാണ് ലക്ഷ്യം. പ്രമേഹ രോഗികളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തും. ഇൻഫെക്‌ഷൻ മാനേജ്‌മെന്റ്, ക്രിട്ടിക്കൽ കെയർ, ശ്വാസ തടസത്തിന് വിദഗ്ദ്ധ ചികിത്സ, ആസ്‌പർഗില്ലോസിസ്, മ്യൂകോർമൈക്കോസിസ് എന്നിവയും ഗൗരവത്തോടെ മുന്നിൽക്കണ്ട് ചികിത്സ ഉറപ്പാക്കണമെന്ന് പുതിയ മാർഗനിർദേശത്തിലുണ്ട്.
ഇത് നാലാം തവണയാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.