കേരളം
ഡ്യൂട്ടിക്കിടെ പൊലീസുകാരൻ ഡോക്ടറെ മർദിച്ച സംഭവം: പ്രതിഷേധ സൂചകമായി ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും
മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാൽ ഇന്ന് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്.
ഇന്നു രാവിലെ 10 മുതൽ 11 വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒ പി ബഹിഷ്കരിക്കാനാണ് തീരുമാനം. ഇ–സഞ്ജീവനി അടക്കമുള്ള സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്കരിക്കുക.
എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. അതേസമയം ഡോ. രാഹുൽ മാത്യുവിനെ സിവിൽ പൊലീസ് ഓഫിസർ മർദിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ദിവസവും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് നിർദേശിച്ചിട്ടുണ്ട്. നേരത്തെ ജോലി രാജിവയ്ക്കുമെന്നു സൂചിപ്പിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയെങ്കിലും ഡോ. രാഹുൽ ഇന്നലെ മുതൽ ഒരാഴ്ചത്തേക്ക് അവധിയിൽ പോയി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തിൽ അതിശക്തമായ നടപടിയെന്നു മന്ത്രി വീണാ ജോര്‍ജ്
അതേസമയം മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. നടപടി ഡോക്ടറെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉണ്ടായതിന് പിന്നാലെ. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.