കേരളം
നിയമസഭാസമ്മേളനം ഇന്നുമുതൽ; വിവിധ വിഷയങ്ങൾ സഭയിൽ ചർച്ചയാകും
15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ആഗസ്റ്റ് 18വരെയാണ് സമ്മേളനം. 2021-22 വർഷത്തെ ബജറ്റിലെ വകുപ്പ് തിരിച്ചുള്ള ധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. 20 ദിവസമായിരിക്കും സഭ സമ്മേളിക്കുക.
ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥനയാണ് ഇന്ന് ചർച്ചചെയ്യേണ്ടത്. അതിനാൽ സർക്കാരിനെതിരേ ഇതുവരെ ഉയർന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന്. പ്രതിഷേധത്തിന്റെ പേരിൽ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്നങ്ങളെല്ലാം സഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാവും ഈ സമ്മേളനകാലത്തും പ്രതിപക്ഷ തന്ത്രം.
അതേ സമയം അനധികൃത മരംമുറി ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. പ്രതിപക്ഷത്തെ പ്രധാനനേതാക്കള്‍ യോഗംചേര്‍ന്ന് പ്രധാന പ്രശ്നങ്ങളില്‍ സഭയില്‍ സ്വീകരിക്കേണ്ട സമീപനത്തില്‍ ധാരണയുണ്ടാക്കും. യു.ഡി.എഫ്. നിയമസഭാകക്ഷിയോഗവും ചേരും. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ അനുപാതം മാറ്റിയതിനെതിരേ ഭിന്നതകള്‍ മാറ്റിവെച്ച് ഐക്യത്തോടെയുള്ള നിലപാട് സ്വീകരിക്കും.