കേരളം
സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന കോവിഡ് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണിവരെ തുറക്കാം. ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് മണിവരെ കടകള്‍ തുറക്കാം. ബാങ്കുകള്‍ എല്ലാം ദിവസവും ഇടപാടുകാർക്കായി തുറന്നു പ്രവര്‍ത്തിപ്പിക്കാം. അതേ സമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം വ്യാപാരികള്‍ എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
വിവിധ മേഖലകളില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.എന്നാല്‍ ടിപിആര്‍ റേറ്റ് 10ല്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടത്.