കേരളം
‘ഗംഭീര തിരിച്ചുവരവിന് കെെയടികൾ’; മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് കെ കെ ശൈലജ
മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് മുൻ മന്ത്രി കെ കെ ശൈലജ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശബ്ദാനുകരണ കലയിലെ കൃത്യതകൊണ്ട് ആസ്വാദകരെയാകെ അമ്പരപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോനെന്ന് കെ കെ ശൈലജ പറഞ്ഞു. അവതരണത്തിലെ വ്യത്യസ്തതകൊണ്ടും മഹേഷ് വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു.
മഹേഷിനെ സന്ദർശിച്ചിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അദ്ദേഹം തിരിച്ചുവരികയാണ്. സ്വതസിദ്ധമായ ആ പുഞ്ചിരി മുഖത്ത് തന്നെയുണ്ട്. ഇനിയും അനുബന്ധ ശാസ്ത്രക്രിയകൾ ചെയ്യാനുണ്ട് അതിനുശേഷം വേദിയിൽ വീണ്ടും സജീവമാകുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.
കഴിഞ്ഞദിവസം യൂട്യൂബിൽ പബ്ലിഷ് ചെയ്ത വിഡിയോ ഏറെ സന്തോഷം നൽകുന്നതാണ്. അനുകരണകലയില്‍ ഇനിയുമേറെ ഉയരങ്ങളിലെത്തി മലയാളത്തിനാകെ അഭിമാനമാകാൻ മഹേഷിന് കഴിയും. പരുക്കുകളൊക്കെ എളുപ്പം സുഖമായി കലാരംഗത്ത് പഴയതിനെക്കാള്‍ പ്രസരിപ്പോടെ സജീവമാവാന്‍ സാധിക്കട്ടെയെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
ഇടവേളയ്ക്ക് ശേഷം മിമിക്രി ലോകത്തെയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജയിലറിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് മഹേഷ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് കാര്‍അപകടത്തില്‍ പരുക്കേറ്റ മഹേഷ് കുഞ്ഞുമോന് ചികിത്സയിലായതിനാല്‍ മിമിക്രിയില്‍ നിന്നും വിട്ടുനിന്നിരുന്നു.
ഇതിനിടയിലാണ് ആരാധകര്‍ക്ക് ഓണസമ്മാനവുമായി പുതിയ വിഡിയോ എത്തിയത്. ജയിലറിലെ വില്ലന്‍ വേഷത്തിലെത്തിയ വിനായകന്, തമിഴ് നടന് വിടിവി ഗണേഷ് എന്നിവരുടെ കൂടെ ആറാട്ട് അണ്ണന് എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, ബാല എന്നിവരെയും ചേര്‍ത്താണ് മഹേഷ് കുഞ്ഞുമോന്റെ ഗംഭീര തിരിച്ചുവരവ്.
മാസങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ പരുക്കേറ്റ മഹേഷ് കുഞ്ഞുമോന് മിമിക്രിയില്‍ നിന്നും വിട്ടുനിന്ന് വിശ്രമത്തിലായിരുന്നു. മുഖത്തും കയ്യിലും സാരമായി പരുക്കുകളോടെയാണ് മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അനുകരണ കലയെ വീണ്ടെടുക്കാന്‍ പരിശീലനം നടത്താറുണ്ടായിരുന്നു എന്നും മഹേഷ് കുഞ്ഞുമോന് പറഞ്ഞു.
പഴയതുപോലെ മുഖം അത്ര ഫ്ളെക്സിബിള്‍ അല്ല. ടൈറ്റാണ്. മൂക്കിന്റെ മേജര്‍ സര്‍ജറി ഉള്‍പ്പെടെ മൂന്ന് സര്‍ജറികള്‍ ഇനി മുഖത്ത് ചെയ്യണം. മൂന്ന് മാസം കഴിഞ്ഞാകും സര്‍ജറി. പ്രാക്ടീസിലൂടെ മാത്രമേ പഴയതുപോലെ ആകാന്‍ കഴിയൂ എന്ന് മഹേഷ് പറഞ്ഞു. പുതുതായി എന്ത് ചെയ്യാമെന്നതാണ് ചിന്തിക്കുന്നത്.
വ്യത്യസ്തമായ പ്രകടനമാണ് മഹേഷ് കുഞ്ഞുമോനെ മറ്റ് മിമിക്രി താരങ്ങള്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പഴയ അതേ പ്രസരിപ്പും മികവോടെയുമുള്ള പ്രകടനത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഓണസമ്മാനമായി എത്തിയ വീഡിയോ ഇതിനകം അഞ്ചു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിംഗിലും അഞ്ചാമതുണ്ട്.