ക്രൈം
ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതി ജനപ്രിയ നോവലിസ്റ്റ്; ‘ദൃശ്യം’ സിനിമകളുടെ അനുകരണം
പ്രമാദമായ കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതി നിതീഷ് ഓൺലൈൻ പ്ലാറ്റ്ഫോമിലെ ജനപ്രിയ നോവലിസ്റ്റ്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ‘ദൃശ്യം 2’ സിനിമയിലെ പോലെ സ്വന്തം ജീവിതത്തില്‍ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധം തോന്നിക്കുന്ന ‘മഹാമാന്ത്രികം’ അടക്കം മൂന്ന് നോവലുകളാണ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദൃശ്യം 2 ഇറങ്ങുന്നതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ മഹാമാന്ത്രികം എന്ന നോവല്‍ പ്രതി പോസ്റ്റ് ചെയ്തിരുന്നു. സ്വന്തം കുഞ്ഞിനേയും കുട്ടിയുടെ മുത്തച്ഛനെയും കൊന്ന കേസിൽ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് നിതീഷ് . കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയനെയും, മകളുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്. കേസില്‍ വിജയന്റെ മകൻ വിഷ്ണുവും പ്രതിയാണ്.
മന്ത്രവാദത്തിന്റെ പേരിലാണ് നിതീഷ് കൊല്ലപ്പെട്ട വിജയന്റെ കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നത്. മന്ത്രവാദ ക്രിയകളും ആഭിചാര കര്‍മ്മങ്ങളുമൊക്കെ നിതീഷിന്‍റെ നേതൃത്വത്തില്‍ വീട്ടിൽ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വിജയന്റെ മകൾക്ക് നിതീഷിൽ കുട്ടി ജനിക്കുന്നത്. നാലുദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ 2016-ൽ ഇയാള്‍ കൊലപ്പെടുത്തി.
കൃത്യം നടന്ന് രണ്ടുവർഷത്തിന് ശേഷം നിതീഷ് ‘മഹാമാന്ത്രികം’ എന്ന നോവൽ ഓൺലൈൻ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. നിഷ്‌കളങ്കയായ ഒരു പെൺകുട്ടിയെ ദുർമന്ത്രവാദത്തിലൂടെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന ഒരു മന്ത്രവാദിയാണ് നോവലിലെ വില്ലൻ. ഈ പെൺകുട്ടിയെ രക്ഷിക്കാനായി മറ്റൊരു മാന്ത്രികൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. ആറാം അധ്യായം സസ്പെൻസോടെ അവസാനിപ്പിച്ച ശേഷം 2018 ഡിസംബർ 16ന് ‘തുടരും’ എന്ന് അറിയിപ്പും വായനക്കാര്‍ക്ക് നല്‍കി.
എന്നാൽ, പിന്നീട് നിതീഷ് നോവൽ തുടർന്നില്ല. പകരം നോവലിൽ പറയുന്നതുപോലുള്ള ആഭിചാര ക്രിയകളുമായി നോവലിസ്റ്റിന്റെ ജീവിതം മുന്നോട്ടു പോകുകയായിരുന്നു. 52000 ലധികം പേരാണ് ആറ് അധ്യായങ്ങളുള്ള മഹാമാന്ത്രികം എന്ന നോവല്‍ വായിച്ചത്. അവസാനഭാഗം വായിച്ച ശേഷം നോവല്‍ തുടരണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.
കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ വീടിന്‍റെ തറതുരന്ന് കുഴിച്ചിട്ടതും ബസ് ടിക്കറ്റ് കാണിച്ച് തന്‍റെ നിരപാരിധിത്വം തെളിയിക്കാന്‍ നിതീഷ് ശ്രമിച്ചതും ദൃശ്യം ഒന്നാം ഭാഗവുമായുള്ള കട്ടപ്പന ഇരട്ടക്കൊലയുടെ മറ്റ് സാമ്യതകളാണ്. വാടക വീടിന്റെ തറ കുഴിച്ച് പരിശോധിച്ചപ്പോള്‍ കൊല്ലപ്പെട്ടയാളുടെ അസ്ഥികൂടം കണ്ടെത്തിയതും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നോവല്‍ എഴുതിയതും ദൃശ്യം രണ്ടാം ഭാഗത്തില്‍ കാണാം.