കേരളം
കാട്ടാക്കട യുയുസി: കേസിൽ പങ്കില്ലെന്ന് വിശാഖ്, പറ്റിക്കപ്പെട്ടെന്ന് പ്രിൻസിപ്പാൾ; ഹർജി വിധി പറയാൻ മാറ്റി
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടക്കേസിൽ തനിക്ക് പങ്കില്ലെന്ന് വിശാഖ്. തന്നെ വിശാഖ് പറ്റിച്ചതാണെന്ന് പ്രിൻസിപ്പാൾ ഷൈജുവും പറഞ്ഞു. കേസിൽ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു ഇരുവരും തങ്ങളുടെ വാദം പറഞ്ഞത്.
താൻ മനപ്പൂർവ്വമോ അല്ലാതെയോ വ്യാജരേഖ ചമച്ചിട്ടില്ലെന്ന് പ്രിൻസിപ്പൾ ഷൈജു കോടതിയിൽ പറഞ്ഞു. യുയുസി അനഘ രാജി വച്ചത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖകളുണ്ട്. ഇങ്ങനെ ചെയ്തത് കൊണ്ട് തനിക്കൊന്നും നേടാനില്ല. വിദ്യാർത്ഥി രാഷ്ട്രീയം മാത്രമാണ് നടന്നത്. വിവാദം ഉണ്ടായ ഘട്ടത്തിൽ വിശാഖിന്റെ പേര് നീക്കം ചെയ്യാൻ സർവകലാശാലയോട് ഇ-മെയിൽ വഴി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനഘ പിന്മാറിയപ്പോൾ എന്റെ പേര് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് വിശാഖ് പറഞ്ഞു. കേസിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. എന്നാൽ വിശാഖ് തന്നെ പറ്റിക്കുകയായിരുന്നു എന്നാണ് ഷൈജു നിലപാടെടുത്തത്. വിശാഖ് പ്രായം തെറ്റായി കാണിച്ചു. അനഘ രാജിവെച്ചപ്പോൾ പകരക്കാരനെ നിർദ്ദേശിക്കുകയാണ് താൻ ചെയ്തത്. ഈ ഘട്ടത്തിൽ കോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ചോദ്യങ്ങൾ ഉയർന്നു. പ്രിൻസിപ്പൾ എന്ന നിലയിൽ ഷൈജുവിന് എത്ര വർഷത്തെ പരിചയമുണ്ടെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. 20 വർഷം പ്രൊഫസറായിരുന്നുവെന്നും പ്രിൻസിപ്പൾ ആകാനുള്ള യോഗ്യതയുണ്ടെന്നും ഷൈജുവിന്റെ അഭിഭാഷകൻ മറുപടി നൽകി.
പ്രതികൾ ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി, ഒരു തിരഞ്ഞെടുപ്പ് നടന്ന് വിജയിച്ച ആൾ രാജിവെച്ചാൽ പകരക്കാരനായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. അല്ലാതെ മറ്റൊരാളുടെ പേര് നിർദ്ദേശിക്കുകയല്ല ചെയ്യേണ്ടതെന്നും പറഞ്ഞു. ദുരുദ്ദേശമൊന്നും ഉണ്ടായില്ലെന്ന് വ്യക്തമാക്കിയ ഷൈജു, അറിവിലായ്മ കൊണ്ടാണ് ഇത്തരമൊന്ന് സംഭവിച്ചതെന്നും കോടതിയോട് പറഞ്ഞു.