കേരളം
ആള്‍മാറാട്ടക്കേസില്‍ എസ്എഫ്ഐ നേതാവിന്റെ പങ്ക് ഗുരുതരം; വിശാഖിന്റെ അറസ്റ്റ് 20 വരെ തടഞ്ഞു
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസില്‍ എസ്എഫ്ഐ നേതാവ് വിശാഖിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പല്‍ പേര് സര്‍വകലാശാലയ്ക്ക് അയക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേസ് ഡയറി ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. വിശാഖിന്റെ അറസ്റ്റ് ഈ മാസം 20 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്നാണ് വിശാഖ് ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചത്. പ്രിന്‍സിപ്പല്‍ ആണ് തന്റെ പേര് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചതെന്നും, തനിക്ക് ഇതില്‍ ഉത്തരവാദിത്തവുമില്ലെന്നും വിശാഖ് വ്യക്തമാക്കി.
എന്നാല്‍ ഈ വാദം ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ചോദ്യം ചെയ്തു. വിശാഖ് ആവശ്യപ്പെടാതെ പേര് യൂണിവേഴ്സിറ്റിക്ക് അയക്കാന്‍ പ്രിൻസിപ്പലിന് എന്താണ് പ്രത്യേക താല്‍പ്പര്യമെന്ന് കോടതി ചോദിച്ചു. ഇത്തരത്തില്‍ പേര് അയച്ചതോടെ സര്‍വകലാശാല യൂണിയന് ചെയര്മാന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിച്ചത്.
ഗുരുതരമായ വിഷയമാണിത്. വിശാഖിന്റെ പങ്കും ഗൗരവകരമാണ്. അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ എഫ്ഐആര്‍ കോടതി പരിശോധിക്കുകയും ചെയ്തു. 20 നകം കേസ് ഡയറി ഹാജരാക്കാനാണ് നിര്‍ദേശം. 20 ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ വിശാഖിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നിന്നും യുയുസിയായി വിജയിച്ച അനഘ എന്ന വിദ്യാര്‍ത്ഥിനിയെ മാറ്റി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി വിശാഖിന്റെ പേര് തിരുകി കയറ്റിയതാണ് വിവാദമായത്. സംഭവത്തിൽ പ്രിൻസിപ്പൽ ഷൈജുവിനെ ഒന്നാം പ്രതിയും വിശാഖിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. വിവാദമായതിന് പിന്നാലെ എസ്എഫ്ഐയും സിപിഎമ്മും വിശാഖിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.