കേരളം
കാസർഗോഡ് കേന്ദ്ര സർവ്വകലാശാല വിസി എച്ച്. വെങ്കിടേശ്വർലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
കാസർഗോഡ് കേന്ദ്ര സർവ്വകലാശാല വിസി എച്ച്. വെങ്കിടേശ്വർലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വർലുവിന് നിയമനം ലഭിച്ച് മൂന്ന് വർഷം കഴിഞ്ഞെന്നും ഇനി രണ്ട് വർഷം മാത്രം അവശേഷിക്കുമ്പോൾ നിയമനം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജിതള്ളിയത്.
വെങ്കിടേശ്വർലുവിന്റെ നിയമനം ചട്ടം ലംഘിച്ചെന്നായിരുന്നുവെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പി. വി. ദിനേശ് വാദിച്ചു. എന്നാൽ നിയമനചട്ടങ്ങളിൽ രണ്ട് വ്യാഖ്യാനങ്ങൾ സാധ്യമാകുവെന്ന് കോടതി നീരീക്ഷിച്ചു. കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലരുടെ നിയമനം വിരമിക്കാൻ മൂന്ന് മാസം മാത്രമുള്ളപ്പോൾ സുപ്രീം കോടതി റദ്ദാക്കിയതെന്നകാര്യം വാദത്തിനിടെ അഭിഭാഷകൻ ഉന്നയിച്ചു. എന്നാൽ നിയമനനടപടിക്രമം തന്നെ കെടിയു വിസിയുടെ കാര്യത്തിൽ തെറ്റായിരുന്നുവെന്ന് കോടതി പറഞ്ഞു. തുടർന്ന് ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ഹർജിക്കാരനായ ഡോ. നവീൻ പ്രകാശ് നൗട്യാലിനായി അഭിഭാഷകൻ അബ്ദുള്ള നസീഹും ഹാജരായി