ദേശീയം
കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ലോറിയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു
കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് (കെഎസ്ആര്‍ടിസി) ലോറിയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ ഹിരിയൂർ താലൂക്കിൽ ഗൊല്ലഹള്ളിക്ക് സമീപമാണ് സംഭവം. അഞ്ച് വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ച് യാത്രക്കാരാണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. റായ്ച്ചൂർ ജില്ലയിലെ മാസ്കി സ്വദേശി രവി (23), മാൻവി സ്വദേശി നർസന്ന (5), ബെംഗളൂരു സ്വദേശികളായ മബാമ്മ (35), പാർവതമ്മ (53) എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാരിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു, മറ്റ് മൂന്ന് പേരുടെ മരണം അടുത്തുള്ള ആശുപത്രികളിൽ ചികിത്സക്കിടെയാണ് സംഭവിച്ചത്.
പരിക്കേറ്റ എട്ട് യാത്രക്കാരെ ചിത്രദുർഗ ജനറൽ ആശുപത്രിയിലേക്കും ചള്ളക്കെരെ ടൗണിലെ താലൂക്ക് ജനറൽ ആശുപത്രിയിലേക്കും മാറ്റിയതായി പൊലീസ് അറിയിച്ചു. കര്‍ണാടക ആർടിസി ഡ്രൈവർ അമിത വേഗതയിലും അശ്രദ്ധയോടെയുമാണ് ബസ് ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ചിത്രദുര്‍ഗ പൊലീസ് സൂപ്രണ്ട് ധർമ്മേന്ദർ കുമാർ മീണ അറിയിച്ചു. പതുക്കെ പോവുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ ഇടതുവശം പൂർണമായും തകർന്നെന്നും പൊലീസ് പറഞ്ഞു