ദേശീയം
ഹുക്ക ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി കര്‍ണാടക
ഹുക്ക ബാറുകളും, ഹുക്ക ഉൽപന്നങ്ങളുടെ വിൽപ്പനയും നിരോധിച്ച് കർണാടക സർക്കാർ. എല്ലാത്തരം ഹുക്ക ഉൽപ്പന്നങ്ങളുടെയും വിൽപ്പന, ഉപഭോഗം, സംഭരണം, പരസ്യം, പ്രൊമോഷൻ എന്നിവയടക്കം നിരോധിച്ച് കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി. ബുധനാഴ്‌ച (07/02/2024) മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഹുക്ക ഉത്പന്നങ്ങളുടെ വിൽപന, ഉപഭോഗം, സംഭരണം, പരസ്യം, പ്രൊമോഷന്‍ എന്നിവയും പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉൽപ്പന്നങ്ങൾ, നോൺ-പുകയില, നിക്കോട്ടിൻ ഇതര ഹുക്ക, ഫ്ലേവർഡ് ഹുക്ക, മൊളാസസ്, ഷീഷ (ഹുക്ക വാട്ടർ പൈപ്പ്) ) കൂടാതെ മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും നിരോധിച്ചിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സിഗരറ്റ് – പുകയില ഉൽപന്ന നിയമം (COTPA), ചൈൽഡ് പ്രൊട്ടക്ഷൻ ആന്‍റ് വെൽഫെയർ ആക്റ്റ്, ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ്‌സ് ആക്റ്റ്, 2015-ലെ കർണാടകയില്‍ വിഷം കൈവശം വെക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന ചട്ടങ്ങളും പ്രകാരം കേസെടുക്കും.
ലോകാരോഗ്യ സംഘടന (WHO) നടത്തിയ ഗ്ലോബൽ അഡൾട്ട്‌സ് ടുബാക്കോ സർവേ 2016-17 പഠനമനുസരിച്ച്, കർണാടകയിൽ 22.8% മുതിർന്നവരും ഏതെങ്കിലും തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. പഠനങ്ങൾ അനുസരിച്ച് 45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന പരാമർശിച്ചിട്ടുണ്ടെന്നും കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുന്നറിയിപ്പ് നൽകി.
പൊതുജനാരോഗ്യത്തെയും, യുവാക്കളെയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹുക്ക ബാറുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അടുത്തിടെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
അമേരിക്കൻ ലംഗ് അസോസിയേഷൻ വെബ്സൈറ്റ് അനുസരിച്ച്, ഹുക്ക പുകയിൽ കുറഞ്ഞത് 82 വിഷമയമുള്ള രാസവസ്തുക്കളുണ്ട്. സ്ഥിരമായ ഉപയോഗം വിവിധ അർബുദങ്ങൾക്കും കാരണമാകാം. ഹുക്ക പുകയില ചൂടാക്കാൻ ഉപയോഗിക്കുന്ന കരി അധിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. പുകയില ചൂടാക്കുമ്പോൾ കാർബൺ മോണോക്സൈഡ്, ലോഹങ്ങൾ തുടങ്ങിയ വിഷവസ്തുക്കളും ഉത്പാദിക്കപ്പെടും.