കേരളം
കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്; ബംഗാൾ സ്വദേശിയുടെ ചോദ്യം ചെയ്യൽ തുടരുന്നു, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ട്രെയിൻ തീവയ്പ് കേസിൽ കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പുഷൻജിത്ത് സിദ്ഗർ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച പത്ത് വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിന്റേതുമായി സാമ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ കത്തിയ കോച്ചിൽ നിന്ന് ലഭിച്ച കുപ്പിയിലും ഇയാളുടെ വിരലടയാളമുണ്ടെന്നാണ് വിവരം.
വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും ബംഗാൾ സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. റെയിൽവേ അധികൃതർ ഇന്ന് ട്രെയിനിൽ കൂടുതൽ പരിശോധന നടത്തും. കണ്ണൂർ- ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിൽ ബുധനാഴ്ച രാത്രി ഒരു മണിക്കുശേഷമാണ് സംഭവം നടന്നത്. യാത്ര കഴിഞ്ഞ് ട്രെയിൻ കണ്ണൂർ സ്റ്റേഷൻ യാർഡിൽ നിറുത്തിയിട്ടിരിക്കെയാണ് തീവച്ചത്. ഒരു ബോഗി പൂർണമായി കത്തിനശിച്ചു.
കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. നേരത്തെ ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് മാനസിക പ്രശ്നമുണ്ടെന്നു പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി വൈകിയും ഇയാൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നു. രാത്രി ഒരു മണിയോടെ ഒരാൾ ട്രെയിനിനടുത്തേക്ക് പോകുന്നതിന്റെ ദൃശ്യം ബി പി സി എല്ലിന്റെ സി സി ടിവിയിൽ നിന്നാണ് ലഭിച്ചത്. ഇതാണ് ബംഗാൾ സ്വദേശിയെ പിടികൂടാൻ സഹായമായത്.
എന്നാൽ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. അജ്ഞാത കേന്ദ്രത്തിൽ ഹിന്ദിപരിഭാഷകന്റെ സാന്നിദ്ധ്യത്തിലാണ് ചോദ്യംചെയ്യൽ. മുൻപ് ചപ്പുചവറുകൾ കത്തിച്ചത് താനാണെന്നും അല്ലെന്നും മാറ്റിപ്പറയുന്നു. ട്രെയിൻ തീവച്ചതും താനാണെന്ന് ഇടയ്ക്ക് സമ്മതിക്കും. അടുത്ത നിമിഷം മലക്കം മറിയും.