Uncategorized
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്.
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരന് പിന്നാലെ കെഇ ഇസ്മയിലും പുറത്ത്. പിരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇടുക്കിയില്‍ നിന്നുള്ള കാനം പക്ഷത്തെ പ്രമുഖ നേതാക്കളായ ഇഎസ് ബിജിമോളെയും വാഴൂര്‍ സോമനെയും ഒഴിവാക്കി. കൊല്ലത്തുനിന്ന് ജയലാലിനെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.
സംസ്ഥാനകൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മീഷനെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് സി ദിവാകരന്‍ സമ്മേളനഹാളില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാന കൗണ്‍സിലിലേക്ക് എറണാകുളം ജില്ലയില്‍ മാത്രമാണ് മത്സരം നടന്നത്. കാനം വിരുദ്ധ പക്ഷത്തുള്ള പ്രമുഖ നേതാക്കള്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നു പുറത്ത്. മുന്‍ ജില്ലാ സെക്രട്ടറി പി രാജു, അസി സെക്രട്ടറിയായിരുന്ന എഎന്‍ സുഗതന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ്, സംസ്ഥാന കൗണ്‍സിലിലേക്കു നടന്ന മത്സരത്തില്‍ തോറ്റുപോയത്.
സംസ്ഥാന കൗണ്‍സിലിലേക്ക് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ നേതാക്കളുടെ പേര് ഉയര്‍ന്നുവന്നതോടെയാണ് മത്സരം നടന്നത്. പി രാജു, എഎന്‍ സുഗതന്‍ എന്നിവരെക്കൂടാതെ എംടി നിക്‌സണ്‍, സിടി സിന്‍ജിത്ത് എന്നിവരും പരാജയപ്പെട്ടു. നേരത്തെ എറണാകുളത്തുനിന്നുള്ള സമ്മേളന പ്രതിനിധികളില്‍ കാനം പക്ഷത്തുനിന്നുള്ളവര്‍ വ്യക്തമായ ആധിപത്യം നേടിയിരുന്നു. ഇതാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പ്രതിഫലിച്ചത്.’