കേരളം
1175 കോടി സമാഹരിക്കാൻ കല്യാൺ ജ്വല്ലേഴ്സ് ഓഹരി വിപണിയിലേക്ക്
സ്വർണ വ്യാപാര രംഗത്തെ പ്രമുഖരായ കല്യാൺ 1175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഓഹരിവിപണിയിലേക്ക്. ആദ്യ ഓഹരി വിൽപന (ഐപിഒ) 16നു തുടങ്ങി 18ന് അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 86–87 രൂപയ്ക്കാണു വിൽക്കുക. ഏറ്റവും കുറഞ്ഞത് 172 ഓഹരിക്ക് അപേക്ഷിക്കാം.
800 കോടി രൂപയുടേത് പുതിയ ഓഹരികളാണ്, 125 കോടിയുടെ ഓഹരികൾ പ്രമോട്ടർ ടി.എസ്. കല്യാണരാമന്റേതും. കല്യാണിലെ നിക്ഷേപകരായ ഹൈഡൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് 250 കോടിയുടെ ഓഹരി വിൽക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം 10,100.92 കോടി രൂപ വിറ്റുവരവും 142.28 കോടി രൂപ ലാഭവുമാണ് കല്യാൺ ജ്വല്ലേഴ്സ് നേടിയതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 1993 ൽ തൃശൂരിൽ ഒരു സ്വർണക്കട മാത്രമായി തുടങ്ങിയ ബിസിനസാണ് ഇപ്പോൾ 21 സംസ്ഥാനങ്ങളിലായി 107 ഷോറൂമുകളും വിദേശ രാജ്യങ്ങളിൽ 30 ഷോറൂമുകളുമായി വളർന്നത്.