കേരളം
കെ വിദ്യയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പൊലീസ്; അടുത്ത സുഹൃത്തുക്കൾ നിരീക്ഷണത്തിൽ
അധ്യാപക നിയമനത്തിന് വ്യാജ രേഖ ചമച്ച കേസിൽ കെ വിദ്യയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. അട്ടപ്പാടിയിൽ വിദ്യക്കൊപ്പം എത്തിയയാൾക്ക് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു. കോളേജിലെത്തി പൊലീസ് ഇന്നും വിവരങ്ങൾ ശേഖരിച്ചേക്കും. കോളജ് ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇന്നലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് വിശദമായി പരിശോധിച്ച് പോരുകയാണ്. വിദ്യയുടെ അടുത്ത സുഹൃത്തുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
മഹാരാജാസ് കോളജിലെ വ്യാജരേഖയുമായി അട്ടപ്പാടി ഗവൺമെന്റ് കോളജിൽ കെ വിദ്യ അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം ലഭിച്ചത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ജൂൺ രണ്ടിനാണ് വിദ്യ കോളജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി.
പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
മഹാരാജാസ് കോളജിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. വ്യാജരേഖയുണ്ടാക്കാൻ വിദ്യയ്ക്ക് കോളജിൽ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് മഹാരാജാസ് കോളജ് വൈസ് പ്രിൻസിപ്പൽ പറഞ്ഞു. വിദ്യക്കെതിരെ പരാതി നൽകിയ അട്ടപ്പാടി ഗവൺമെന്റ് കോളജ് പ്രിൻസിപ്പലിൻ്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.