കേരളം
കെപിസിസി പ്രസിഡന്‍റായി ജൂൺ 16ന് കെ സുധാകരൻ ഔദ്യോഗികമായി ചുമതലയേൽക്കും
കെ സുധാകരൻ പുതിയ കെപിസിസി പ്രസിഡന്‍റായി ജൂൺ 16ന് ഔദ്യോഗികമായി ചുമതലയേൽക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വച്ചാണ് ചുമതലയേൽക്കുക. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ സുധാകരൻ നൽകുന്നത്.
ഗ്രൂപ്പ് ഇനി കോൺഗ്രസ് പാർട്ടിക്കകത്ത് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ കെ സുധാകരൻ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസിനകത്ത് ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് കെ സുധാകരൻ പറയുന്നു. അഭിപ്രായപ്രകടനം നടത്താൻ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്‍റെ അംഗസംഖ്യ വർദ്ധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അതിനി വേണ്ട. കോൺഗ്രസിന്‍റെ സംഘടനാ ദൗർബല്യം പരിഹരിക്കുമെന്നും, പാർട്ടിയെ ഒരു സെമി കേഡർ സംവിധാനമാക്കാൻ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടന്നുവരികയാണെന്നും കെ സുധാകരൻ വ്യക്തമാക്കുന്നു.
കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകന്നു പോയ സാഹചര്യം നിലവിലുണ്ടെന്ന് കെ സുധാകരൻ തുറന്ന് സമ്മതിക്കുന്നു. ഡിസിസി പുനഃസംഘടനയ്ക്ക് ഓരോ ജില്ലയിലും 5 അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ ഇനി നടപ്പില്ല. പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകുന്നു.
തന്‍റെ മുഖം കണ്ടാൽ ചിരിക്കുക പോലും ചെയ്യാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുധാകരൻ പറയുന്നു. പിണറായി വിജയന്‍റെ അനുഗ്രഹമാണ് കൊവിഡ്. കൊവിഡ് പ്രതിരോധത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു പിണറായി വിജയൻ. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്‍റെ ചരമദിനം ആചരിക്കുന്നതിൽ തെറ്റില്ലെന്നും സുധാകരന്‍റെ പരിഹാസം.
മുട്ടിൽ മരംമുറി നടന്നയിടത്തേക്ക് താനോ പ്രതിപക്ഷനേതാവോ പോകും. അവിടത്തെ നിയമലംഘനം തടയാനുള്ള സമരം ഏറ്റെടുക്കും – കെ സുധാകരൻ പറഞ്ഞു.