കേരളം
കെ.പി.സി.സി അദ്ധ്യക്ഷനായി കെ.സുധാകരനെ നിയോഗിക്കുമെന്ന് സൂചന
ഹൈക്കമാന്റിന്റെ അന്തിമ പരിഗണനയില്‍ കെ സുധാകരന്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ഇത് സംബന്ധിച്ച രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും.. പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എം.എല്‍.എമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് താരിഖ് അന്‍വര്‍ സോണിയ ഗാന്ധിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അന്‍വറിന് ലഭിച്ച നിര്‍ദ്ദേശം. കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്നത്.
തമ്മിൽത്തല്ലി തകരുന്ന കോൺഗ്രസിന് പുതുജീവൻ പകരാൻ കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനായി വരണമെന്ന് ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു . ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയെ നയിക്കാൻ സുധാകരന് കഴിയുമെന്നും സോണിയ ഗാന്ധിയെ അദ്ദേഹം കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. കെ.സുധാകരനുമായി രാഹുൽ ആശയവിനിമയം നടത്തി. അതേസമയം, ഗ്രൂപ്പുകളുടെ സമ്മർദത്തിൽ രാഹുലിന് കടുത്ത അതൃപ്തിയുമുണ്ട്.എന്നാൽ, കെ. സുധാകരന്റെ വരവ് തടയാൻ ഗ്രൂപ്പ് മറന്ന് എ, ഐ വിഭാഗം കൊണ്ടുപിടിച്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ സുധാകരന്റെ അപ്രമാദിത്തം അംഗീകരിച്ചു കൊടുക്കേണ്ടി വരുമെന്നാണ് ഇവരുടെ ആശങ്ക.
വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.എന്നാൽ, ഹൈക്കമാൻഡിൽ നിർണായക സ്വാധീനമുള്ള കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന വിഭാഗം മറ്റൊരാളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടക്കമുള്ളവരെ അസ്വസ്തരാക്കുന്നുമുണ്ട്.
കോൺഗ്രസിന് പുതിയ മുഖമുണ്ടാകുമെന്നും സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം അത്തരത്തിലാണെന്നും ഹൈക്കമാൻഡ് പറഞ്ഞാൽ ഏത് ദൗത്യവും ഏറ്റെടുക്കാൻ തയാറാണെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു .