കേരളം
വീട് പൊളിക്കണമെന്ന നോട്ടീസ് കിട്ടിയിട്ടില്ല; ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കെ.എം ഷാജി എം.എല്‍.എ
കോഴിക്കോടുള്ള തന്റെ വീട് പൊളിക്കണമെന്ന നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ.എം ഷാജി എം.എല്‍.എ. കോഴിക്കോട് നഗരസഭയില്‍ അന്വേഷിച്ചപ്പോഴും അങ്ങനെ ഒരു നോട്ടീസ് ഇല്ലെന്നാണ് കോര്പ്പറേഷന് അധികൃതര്‍ പറഞ്ഞത്. വീട് പൊളിക്കുമെന്നത് തമാശ മാത്രമായി കാണുന്നു.
കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കെ.എം ഷാജി എം.എല്‍.എ കണ്ണൂരില്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാര്‍ത്തയുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭ അന്വേഷണത്തിന് ഉത്തരവിട്ടു.
അഴീക്കോട് സ്കൂളില്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ അടുത്ത മാസം 10 ന് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ അളന്നിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അളവെടുക്കല് നടന്നത്.