കേരളം
കല്യാൺ ജ്വല്ലറിയുടെ പേരിൽ ജോലി തട്ടിപ്പ്: വൻ ഓൺലൈൻ തട്ടിപ്പു സംഘം തൃശൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിൽ
തൃശൂർ കല്യാൺ ജ്വല്ലേഴ്സിന്റെ പേരിൽ ജോലിതട്ടിപ്പു നടത്തി വന്നിരുന്ന വൻ സംഘം തൃശൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. ഇന്ത്യയിലും വിദേശത്തും ശാഖകളുള്ള കല്യാൺ ജ്വല്ലേഴ്സിന്റെ പേരിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഷോറൂമുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും വൻ തുക തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈസ്റ്റ് ദൽഹി ഷക്കർപൂർ നെഹ്റു എൻക്ലേവ് സ്കൂൾ ബ്ലോക്കിൽ താമസം പ്രമോദ് സാവോ (23), ദൽഹി ഫസൽപൂർ മാൻഡവല്ലി സ്വദേശി വരുൺ (26), വിശാഖപട്ടണം മുലഗഡേ ഹൌസിങ്ങ് കോളനി ജേക്കബ്ബ് രാജ് (22) എന്നിവരെയാണ് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും തൃശൂർ സൈബർ ക്രൈം എസ്.ഐ. കെ.എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
കല്യാൺ ജ്വല്ലേഴ്സ് കോർപ്പറേറ്റ് ഓഫീസ് ജനറൽ മാനേജർ കെ.ടി. ഷൈജു സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സൈബർ ഇൻസ്പെക്ടർ എ.എ അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.
ഓൺലൈൻ ജോബ് പോർട്ടലുകളിൽ ജോലി അന്വേഷണാർത്ഥം രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ വിശദാംശങ്ങൾ അവിടെ നിന്നും ശേഖരിക്കുന്നു. രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പേരുകളിനോട് സാമ്യമുള്ള രീതിയിലുള്ള വ്യാജ ഇ-മെയിൽ വിലാസങ്ങളും, വെബ്സൈറ്റുകളും സൃഷ്ടിക്കുന്നു. ഇത്തരം ഇ-മെയിലുകളിൽ നിന്നും ഉദ്യോഗാർത്ഥികളുടെ ഇ-മെയിൽ വിലാസത്തിലേക്ക് പ്രമുഖ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ഇ-മെയിൽ അയക്കുന്നു.
ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രായവും പരിഗണിച്ചുകൊണ്ടുള്ള ജോലി ഓഫറുകളായിരിക്കും ഇ-മെയിൽ വിലാസത്തിൽ അയച്ചു നൽകിയിട്ടുണ്ടാകുക. ഇതിനായി സ്ഥാപനങ്ങളുടെ പേരിൽ ലെറ്റർപാഡുകളും, രേഖകളും വ്യാജമായി സൃഷ്ടിക്കുന്നു. അതിനാൽ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിശ്വസനീയമാകുന്നു.
ഇ-മെയിൽ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ, അതിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുന്നു. തുടർന്ന്, തട്ടിപ്പുകാരിൽ വിശ്വാസം ജനിപ്പിക്കുന്നതിനുവേണ്ടി, ഓൺലൈൻ ഇന്റർവ്യൂ, ഓൺലൈൻ ടെസ്റ്റുകൾ എന്നിവ നടത്തുന്നു.
ഉദ്യോഗാർത്ഥിയുടെ ആവശ്യം മനസ്സിലാക്കുകയും, തട്ടിപ്പുകാരുടെ കെണിയിൽ വീണു എന്ന് ഉറപ്പുവരുത്തുന്നതോടെ, അഡ്മിഷൻ ഫീസ്, ട്രെയിനിങ്ങ് ചാർജ്, തുടങ്ങി പലവിധ ആവശ്യങ്ങൾ പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം ചെറിയ തുകകളായി അവരുടെ എക്കൌണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കുന്നു. നിയമനം ലഭിച്ച് ആദ്യ ശമ്പളത്തോടൊപ്പം നിക്ഷേപിച്ച തുക തിരികെ ലഭിക്കും എന്ന വാഗ്ദാനം കൂടി നൽകുന്നതോടെ ഉദ്യോഗാർത്ഥികൾ അത് വിശ്വസിച്ച് പണം നിക്ഷേപിക്കും.
ഉദ്യോഗാർത്ഥികൾ ചെറിയ തുകകളായി പണം നിക്ഷേപിക്കുന്നതുകൊണ്ട് പലപ്പോഴും, പണം നഷ്ടപ്പെട്ട കാര്യത്തിന് പോലീസിൽ പരാതി നൽകുന്നതിന് വിമുഖത കാണിക്കുന്നു. ഇതാണ് തട്ടിപ്പുകാർ അവരുടെ രീതി വീണ്ടും വീണ്ടും ആവർത്തിക്കുന്നതിന് കാരണം.
ഇങ്ങനെ പണം നിക്ഷേപിച്ചതിനുശേഷവും, ജോലി ലഭിക്കാതായതോടെ ഏതാനും പേർ കല്യാൺ ജ്വല്ലേഴ്സിൽ സമീപിച്ചപ്പോഴാണ് തട്ടിപ്പു നടക്കുന്ന വിവരം മനസ്സിലായത്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് പണം നഷ്ടമായിട്ടുള്ളത്. കല്യാൺ ജ്വല്ലറിയിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം സംഭവങ്ങൾ സ്ഥാപനത്തിന്റെ സത്പേരിന് കളങ്കം വന്നതായി പരാതിയിൽ പരാമർശിക്കുന്നു.
ഇപ്പോൾ അറസ്റ്റുചെയ്തവരിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ പരിശോധിച്ചതിൽ നിന്നും വിമാനകമ്പനികളുടേതടക്കം ഇന്ത്യയിലെ പ്രശസ്തമായ പല സ്ഥാപനങ്ങളുടെ പേരിലും ലെറ്റർഹെഡുകളും, വ്യാജരേഖകളും സൃഷ്ടിച്ച് തട്ടിപ്പു നടത്തിവരുന്നതായി മനസ്സിലായിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാതു അന്വേഷണ ഏജൻസികൾക്ക് കൈമാറും.
ഓൺലൈൻ ജോബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഓഫർ ലെറ്ററുകൾ യഥാർത്ഥ സ്ഥാപനത്തിന്റേതാണെന്ന് ഉറപ്പുവരുത്തുക. ഇ-മെയിലുകളിൽ അയച്ചു ലഭിക്കുന്ന ലിങ്കുകളല്ലാതെ, യഥാർത്ഥകമ്പനി വെബ് സൈറ്റ് പരിശോധിക്കുക. നിങ്ങൾക്ക് ജോലി ഓഫർ അയച്ചു നൽകുന്ന രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുക. യഥാർത്ഥ സ്ഥാപനങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന വെബ്സൈറ്റുകളും, വ്യാജ രേഖകളും സൃഷ്ടിക്കാനും, നിങ്ങളെ വിശ്വസിപ്പിക്കുന്നതിനും തട്ടിപ്പുകാർക്ക് കഴിയും.
മികച്ച സ്ഥാപനങ്ങൾ ഒരിക്കലും ഉദ്യോഗാർത്ഥികളിൽ നിന്നും പണം ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്യുകയില്ല. പണം മുൻകൂർ ആവശ്യപ്പെടുകയും നിങ്ങൾ അത് നൽകുകയും ചെയ്യുമ്പോൾ നഷ്ടസാധ്യത മുൻകൂട്ടി കാണുക. നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിൽ നേരിട്ട് ബന്ധപ്പെടുക. അവരുടെ യഥാർത്ഥ ഫോൺ നമ്പർ, ബന്ധപ്പെടുവാനുള്ള ഇ-മെയിൽ വിലാസം എന്നിവ ശേഖരിക്കുക.