കേരളം
രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്; കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ മുന്നില്‍
രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ സ്വത്തുവകകളില്‍ കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ മുന്നില്‍. ജെബി മേത്തര്‍ക്ക് 11.14 കോടി വിലമതിക്കുന്ന കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ട്. 87,03,200 രൂപ വിലമതിക്കുന്ന ആഭരണവും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും സ്വന്തം പേരിലുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
75 ലക്ഷം രൂപ വിലമതിക്കുന്ന വീട് ജെബി മേത്തര്‍ക്ക് സ്വന്തം പേരിലുണ്ട്. പതിനായിരം രൂപ കൈവശമുണ്ട്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. ഭര്‍ത്താവിന് 41 ലക്ഷം വിലയുള്ള 2017 മോഡല്‍ മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും എറണാകുളം ബ്രോഡ്‌വേയിലെ ഫെഡറല്‍ ബാങ്കില്‍ 12570 രൂപയുമുണ്ട്.
സിപിഎമ്മിന്റെ എ എ റഹിമിന് 26,304 രൂപയുടെ ആസ്തിയാണ് സ്വന്തമായുള്ളത്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലവരുന്ന കൃഷിഭൂമിയുണ്ട്. ആറുലക്ഷം വിലമതിക്കുന്ന നാഹനവും 70,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും ഭാര്യയുടെ പേരിലുണ്ട്. വിവിധ സമരങ്ങളില്‍ പങ്കെടുത്തതിന് 37 ക്രിമിനല്‍ കേസുകള്‍ ഉള്ളതായും റഹിം വ്യക്തമാക്കുന്നു.
സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിന്റെ കൈയില്‍ പണമായി പതിനായിരം രൂപയും ഭാര്യയുടെ കൈവശം 15,000 രൂപയും നാലുലക്ഷം വിലമതിക്കുന്ന 80 ഗ്രാം സ്വര്‍ണാഭരണങ്ങളുമുണ്ട്. സന്തോഷിന് 10 ലക്ഷം രൂപ വിലമതിക്കുന്ന 5.67 ഏക്കര്‍ കൃഷിഭൂമിയും ഭാര്യയ്ക്ക് നാലുലക്ഷം രൂപ വില മതിക്കുന്ന 2.29 ഏക്കര്‍ കൃഷിഭൂമിയുമുണ്ട്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഭാര്യയ്ക്ക് 8.5 സെന്റ് ഭൂമിയും 2300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമുണ്ട്. മൊത്തം 71,75,000 രൂപ വിലമതിക്കുന്ന ഭൂമി ഭാര്യയ്ക്ക് സ്വന്തമായുണ്ട്. സന്തോഷിന് രണ്ടു ലക്ഷം രൂപയുടേയും ഭാര്യയ്ക്ക് 19 ലക്ഷത്തിന്റേയും ബാധ്യതയുണ്ട്.