കേരളം
നിർത്തി വച്ച ജവാൻ റമ്മിന്റെ ഉൽപാദനം തിങ്കളാഴ്ച മുതൽ വീണ്ടും തുടങ്ങും
ജവാൻ റമ്മിന്റെ ഉൽപാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ബവ്‌കോ. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് റം ഉൽപ്പാദിപ്പിക്കുന്നത്. സ്ഥാപനത്തിൽ ജനറൽ മാനേജരെയും കെമിസ്റ്റിനെയും നിയമിച്ച് തിങ്കളാഴ്ച ഉൽപ്പാദനം ആരംഭിക്കുമെന്ന് ബവ്‌കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു.
8000 കെയ്‌സ് മദ്യമാണ് ഇവിടെ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. ഒരു കെയ്‌സിലുള്ളത് ഒരു ലീറ്ററിന്റെ 9 കുപ്പികളാണുള്ളത്. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പു കേസിൽ പ്രതിയായതിനെത്തുടർന്നാണ് ഉൽപ്പാദനം നിർത്തിയത്. സ്ഥാപനത്തിലേക്കു കൊണ്ടുവന്ന 20,000 ലീറ്റർ സ്പിരിറ്റ് മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തൽ.
പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് കമ്പനിയിലേക്ക് എത്തിച്ച സ്പിരിറ്റ് തിരിമറി നടത്തിയ കേസിൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങിയതോടെ മേൽനോട്ടം വഹിക്കാൻ ആളില്ലാത്തതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. അവശേഷിച്ച മദ്യം കുപ്പികളിൽ നിറച്ചശേഷം താത്‌കാലിക ജീവനക്കാരും മടങ്ങി. കെമിസ്റ്റ് എത്തി സ്പിരിറ്റ് കൂട്ടിയെടുത്തെങ്കിൽ മാത്രമേ ഇനി നിർമാണം തുടങ്ങാനാകൂ. ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സണൽ മാനേജർ ഷെഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇവർക്കെതിരേ ബിവറേജസ് കോർപ്പറേഷൻ നടപടി സ്വീകരിക്കുകയോ, ബദൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരുദിവസം 54,000 ലിറ്റർ ജവാൻ മദ്യമാണ് ഇവിടെ ഉത്‌പാദിപ്പിച്ചിരുന്നത്. ഒമ്പത് കുപ്പികൾ ഉൾക്കൊള്ളുന്ന 6000 പെട്ടി മദ്യമാണ് ഒരു ദിവസം നിറയ്ക്കുന്നത്. 64 കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കുപ്പികളിലാക്കുന്നത്. പത്തിരട്ടി ലാഭത്തിലാണ് ഒരു കുപ്പി സർക്കാർ വിൽക്കുന്നത്.