കേരളം
അഞ്ചു വർഷത്തിനിടെ കാണാതായ 60 കുട്ടികൾ എവിടെയെന്ന് ജവഹർ ബാൽ മഞ്ച്
സംസ്ഥാനത്ത് നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാണാതായ 60 കുട്ടികൾ എവിടെയെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് ജവഹർ ബാൽ മഞ്ച്. ഇതിൽ ആറ് കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്ത കേസുകളായി പരിഗണിച്ച് അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണം എന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണ് 60 കുട്ടികളെ കാണാതായിരിക്കുന്നത്. 48 ആൺകുട്ടികളും 12 പെൺകുട്ടികളും.കഴിഞ്ഞ വർഷമാണ് ഏറ്റവുമധികം കുട്ടികളെ സംസ്ഥാനത്ത് നിന്നും കാണാതായിരിക്കുന്നതെന്നും ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ ആനന്ദ് കണ്ണശ പറഞ്ഞു. 28 കുട്ടികളെയാണ് ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായത്. ഒന്നോ രണ്ടോ കുട്ടികളെ കാണാതായാൽ, അവരെ കണ്ടെത്താൻ സാധിക്കാതെ വന്നാൽ, അതിനെ വേണമെങ്കിൽ ന്യായീകരിക്കാം. കുട്ടികളെ കാണാതായാൽ, അവരെ കണ്ടെത്താൻ സാധിക്കാതെ വന്നാൽ, അതിനെ വേണമെങ്കിൽ ന്യായീകരിക്കാം.
എന്നാൽ, കേരളത്തിലെ ആ 60 കുട്ടികൾക്ക് എന്തുപറ്റി? അവർ എങ്ങോട്ട് പോയി? അവർ ഇപ്പോഴും ജീവനോടെയുണ്ടോ? ഉണ്ടെങ്കിൽ അവർ എന്ത് ചെയ്യുന്നു? തുടങ്ങിയ അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ഇവിടുത്തെ ഭരണകൂടമാണെന്നും ആനന്ദ് കണ്ണശ പറഞ്ഞു. ഇരുപത്തഞ്ച് വർഷം മുമ്പുള്ള സാമൂഹിക അന്തരീക്ഷമല്ല ഇന്ന് കേരളത്തിലുള്ളത്. ഒരു കുട്ടിയെ കാണാതായാൽ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന ശേഷിയുള്ള പൊലീസ് സംവിധാനം. ദിനംപ്രതി അത്തരം സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുമുണ്ട്. കാണാതായി മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ കണ്ടെത്തുന്ന അന്വേഷണ വിദഗ്ധരായ പൊലീസ് സേനയാണ് ഇവിടെയുള്ളത്.