കേരളം
സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി ജെയ്ക് സി തോമസ്
സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. 20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.
രാവിലെ മണർകാടുള്ള വീട്ടിൽ നിന്നും കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ജെയ്ക് ആദ്യം എത്തിയത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ നൽകി. എം വി ഗോവിന്ദൻ, ഇപി ജയരാജൻ, വിഎൻ വാസവൻ അടക്കം മുതിർന്ന നേതാക്കൾക്ക് ഒപ്പം പ്രകടനമായി കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വരണാധികാരിയുടെ ഓഫീസിലെത്തി നാല് സെറ്റ് പത്രികകൾ സമർപ്പിച്ചു.
ജെയ്കിന് രണ്ടു കോടിരൂപയുടെ സ്വത്ത് കൈവശമുണ്ടെന്നാണ് കോൺഗ്രസ് ആരോപിച്ചിരുന്നത്. ഇതിന് മറുപടിയുമായി ജെയ്ക് രംഗത്തെത്തിയിരുന്നു. സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമാണെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചിരുന്നു. തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണ്. വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് സൈബർ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടു.