കേരളം
കടല്‍ക്കൊല കേസിനു പിന്നാലെ ബോട്ടില്‍ ഉണ്ടായിരുന്ന മകന്‍ ആത്മഹത്യ ചെയ്തു; നഷ്ടപരിഹാരം തേടി അമ്മ ഹൈക്കോടതിയില്‍
കടല്‍ക്കൊല കേസിനു പിന്നാലെ ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിയായ മകന് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ അമ്മയുടെ ഹര്‍ജി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ആഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
2012ല്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിലാണ്, ഹൈക്കോടതിയില്‍ പുതിയ നഷ്ടപരിഹാര ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട സെറ്റ് ആന്റണി ബോട്ടിലെ മത്സ്യത്തൊഴിലാളിയായിരുന്നു തന്റെ മകനെന്ന് ഹര്‍ജിക്കാരി പറയുന്നു. വെടിവയ്പു സംഭവത്തെത്തുടര്‍ന്ന് മാനസിക ആഘാതത്തിലായിരുന്ന മകന്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
ബോട്ട് ഉടമ നല്‍കിയ മത്സ്യത്തൊഴിലാളികളുടെ പട്ടികയില്‍ മകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വെടിവയ്പിന്റെ ആഘാതത്തിലാണ് ഇയാള്‍ മരിച്ചതെന്നും അര്‍ഹമായ നഷ്ടപരിഹാരത്തിനായി ഇറ്റാലിയന്‍ അധികൃതര്‍ക്ക് പേരു കൈമാറണമെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യത്തില്‍ രണ്ട് ആഴ്ചയ്ക്കം കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കടല്‍ക്കൊല കേസില്‍ പത്തു കോടി രൂപയാണ് ഇറ്റലി നഷ്ടപരിഹാരമായി കൈമാറിയിട്ടുള്ളത്. ഇതില്‍ നാലു കോടി വീതം വെടിവയ്പില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നല്‍കാനാണ് സുപ്രീം കോടതി വിധി. രണ്ടു കോടി ബോട്ട് ഉടമയ്ക്കു നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പത്തു മത്സ്യത്തൊഴിലാളികള്‍ കോടതിയെ സമീപിച്ചതോടെ ഈ തുക വിതരണം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.