കേരളം
തായങ്കരിയിൽ മരിച്ചത് കാറുടമ തന്നെ; മരിച്ചത് മക്കളുടെ സർട്ടിഫിക്കറ്റും ആധാരവും കത്തിച്ച്
എടത്വ പഞ്ചായത്തിലെ തായങ്കരിയിൽ ശനിയാഴ്ച പുലർച്ചെ കാർ കത്തി മരിച്ചത് കാർ ഉടമയെന്ന് തിരിച്ചറിഞ്ഞു. എടത്വ മാമ്മൂട്ടിൽ ജയിംസ് കുട്ടി ജോർജ്(49)ആണ് മരിച്ചത്. മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയ നിലയിലായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മക്കളുടെ സർട്ടിഫിക്കറ്റുകളും ആധാരവും ഉൾപ്പെടെ കത്തിച്ചാണ് ജയിംസ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ഇയാളുടെ കൈക്ക് ഒടിവുണ്ടായതിനെ തുടർന്ന് കമ്പി ഇട്ടിരുന്നു. ഇത് വീട്ടുകാർ തിരിച്ചറിഞ്ഞു. കാറിനുള്ളിൽ കയറിയ ജയിംസ് കുട്ടി പെട്രോൾ ഒഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് കരുതുന്നത്. ഇയാൾ മദ്യപിച്ച് ദിവസവും വീട്ടുകാരുമായി വഴക്കുണ്ടാക്കുമായിരുന്നു. വഴക്കിനൊടുവിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യും.
ആധാരം ഉൾപ്പെടെ കത്തിക്കുകയാണെന്ന് കാണിച്ച് ജയിംസ് കുട്ടി സുഹൃത്തിന് സന്ദേശം അയച്ചിരുനു. തായങ്കര ജെട്ടി റോഡിൽ ഇന്ന് പുലർച്ചെയാണ് കാർ കത്തുന്നത് പ്രദേശവാസിയുടെ ശ്രദ്ധയിൽ പെട്ടത്. തീ ആളിപ്പടരുന്നത് കണ്ടപ്പോൾ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെയും അറിയിച്ചു. എടത്വ പൊലീസിന്റെ നിർദേശമനുസരിച്ച് നാല് മണിയോടെ അഗ്നിരക്ഷാ സേന എത്തി തീയണച്ചു. കാറും കാറിലുണ്ടായിരുന്ന ആളും കത്തിനശിച്ചിരുന്നു.
ജയിംസ് കുട്ടിയുടെ സംസ്കാരം ശനിയാഴ്ച വൈകീട്ട് 5.30ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ജോയിസ് ആണ് ഭാര്യ. മക്കൾ: ആൽവിൻ, അനീറ്റ. ഇരുവരും വിദ്യാർഥികളാണ്.