കേരളം
വാഹനം പോയിട്ട് കാൽ നട പോലും അസാധ്യം, റോഡ് തകർന്നിട്ട് വർഷങ്ങൾ, യാത്രാദുരിതം പേറി പ്രദേശവാസികൾ
തകർന്നു കിടക്കുന്ന കാർത്തികപ്പള്ളി-വെമ്പുഴ റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾ വൈകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കാർത്തികപ്പളളി ജംഗ്ഷനിൽ നിന്ന് ചിങ്ങോലി പഞ്ചായത്തിന്റെ പടിഞ്ഞാറ്, ആറാട്ടുപുഴ കിഴക്കേക്കര ഭാഗങ്ങളിലേക്കും എൻടിപിസി ഭാഗത്തേക്കും വരാനും പോകാനുമുളള പ്രധാന മാർഗമാണ് ഈ റോഡ്. എന്നാൽ കാൽനടക്കാർക്കു പോലും സഞ്ചരിക്കാൻ പറ്റാത്ത വിധം താറുമാറായി കിടക്കുകയാണ് നിലവിൽ ഈ റോഡ്.
റോഡിന്റെ നവീകരണത്തിനായി രണ്ടു കോടിയോളം രൂപ അനുവദിച്ചു കരാർ നൽകിയതാണ്. ബന്ധപ്പെട്ട വകുപ്പുകൾ സാങ്കേതികത്വങ്ങൾ പറഞ്ഞ് കാലതാമസം വരുത്തിയാൽ തുക പാഴാകാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ജലജീവൻമിഷൻ പദ്ധതി പൈപ്പ് ലൈൻ ഇടുന്നത് വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് പറയുന്നത്. പിഎംജി എസ് വൈ പദ്ധതി പ്രകാരം പ്രഖ്യാപിച്ച റോഡിന്റെ പുനർ നിർമാണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ ഏറ്റെടുക്കുവാൻ ആരും എത്താതതാണ് കാരണം.
2018 ഡി എസ് ആർ പ്രകാരമുള്ള എസ്റ്റിമേറ്റായതിനാലാണ് ആരും ഏറ്റെടുക്കാതിരുന്നത്. എന്നാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഇടപെട്ടതിനെ തുടർന്ന് ഇതുൾപ്പെടെയുളള ജില്ലയിലെ എട്ട് പിഎംജിഎസ് വൈ റോഡുകളുടെ ഡിഎസ്ആർ പുതുക്കി നിശ്ചയിച്ചു. സർക്കാരിന്റെ പ്രത്യേക അനുമതിയോടെ പത്തു ശതമാനം തുക വർദ്ധിപ്പിച്ചാണ് കരാർ നൽകിയത്. ഈ റോഡിലെ തന്നെ തയ്യിൽപ്പാലവും രണ്ടു വർഷത്തിലേറെയായി തകർന്നു കിടക്കുകയാണ്.