കേരളം
മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് ആയിരം തവണ എഴുതണം; ഇമ്പോസിഷന്‍ ശിക്ഷയുമായി പോലീസ്
മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ ഡ്രൈവര്‍മാരെ കൊണ്ട് ഇമ്പോസിഷന്‍ എഴുതിപ്പിച്ച് തൃപ്പൂണിത്തുറ പൊലീസ്. ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് ആയിരം തവണയാണ് പൊലീസ് ഇമ്പോസിഷന്‍ എഴുതിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും, അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയാണ് ചെയ്യുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിക്കുമ്പോഴും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു പൊലീസിന്റെ നടപടി. ഏതാണ്ട് അന്‍പതോളം ഡ്രൈവര്‍മാരെ കൊണ്ടാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വച്ച് പൊലീസ് ഇമ്പോസിഷന്‍ എഴുതിച്ചത്.
അതേസമയം, പൊലീസ് ഇമ്പോസിഷന്‍ എഴുതിച്ച നടപടിക്കെതിരെയും ചിലര്‍ രംഗത്തെത്തി. നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടിടത്ത് ഇത്തരം നടപടികള്‍ പ്രാകൃതമാണെന്നാണ് ഇവരുടെ വാദം.