കേരളം
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന : നാലു പ്രതികള്‍ക്കും മുന്‍ജാമ്യം
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെതിരായ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. കേസിലെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, പി എസ് ജയപ്രകാശ്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നാലുപേരും അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയാലും അന്നുതന്നെ വിട്ടയയ്ക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി വിലയിരുത്തി.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ്. ഇതുമൂലം ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം 20 വര്‍ഷത്തോളം പിന്നോക്കം പോയതായും സിബിഐ വാദിച്ചിരുന്നു.
വളരെ പഴക്കമേറിയ കേസാണിതെന്നും, കേസില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കേസില്‍ ഏഴാം പ്രതിയാണ് മുന്‍ ഐബി ഉദ്യോഗസ്ഥനായ ആര്‍ബി ശ്രീകുമാര്‍. നേരത്തെ ശ്രീകുമാര്‍ അടക്കമുള്ള കോടതിയെ സമീപിച്ച നാലുപേരെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.
ഗൂഢാലോചനക്കേസില്‍ എസ് വിജയന്‍, തമ്പി എസ്. ദുര്‍ഗാഗത്ത്, സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ നമ്പി നാരായണന്‍ അടക്കമുള്ള സാക്ഷികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തി സിബിഐ നേരത്തെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ആര്‍ ബി ശ്രീകുമാര്‍ തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കുന്നതിനായി ചാരക്കേസ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ നമ്പി നാരായണന്‍ ആരോപിക്കുന്നു.
തുമ്പ വിഎസ്എസിയില്‍ കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വിഎസ്എസ്സിയില്‍ നിയമനം നല്‍കാനായി സമീപിച്ചു. ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായി. ശ്രീകുമാര്‍ തന്റെ ഓഫീസിലെത്തി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും നമ്പി നാരായണന്‍ മൊഴിയില്‍ പറയുന്നു.