ആരോഗ്യം
രാത്രിയിൽ പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് പല തരത്തിലുള്ള ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. ദഹനപ്രക്രിയ മുതൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വരെ ഏറെ നല്ലതാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത്. ഇത് മാത്രമല്ല മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏറെ മികച്ചതാണ് ഈ ഭക്ഷണങ്ങൾ. നാല് ആഴ്ചയിൽ കൂടുതൽ പുളിപ്പിച്ച ഭക്ഷണങ്ങളും നാരകളും കഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് എപിസി മൈക്രോബയോം അയർലണ്ടിലെ അംഗങ്ങൾ 2022-ൽ നടത്തിയ ഒരു പഠനം കാണിക്കുന്നുണ്ട്. പക്ഷെ പുളിപ്പിച്ച ഭക്ഷണം അങ്ങനെ എപ്പോഴും കഴിക്കാൻ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് കഴിക്കാൻ പ്രത്യേക സമയമുണ്ട്.
തൈര് പോലെയുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ഇല്ലാതെ മലയാളികൾക്ക് ചോറ് കഴിച്ചാൽ ഇഷ്ടപ്പെടണെന്നില്ല. ദോശ, ഇഡ്ഡലി, അപ്പം തുടങ്ങി മിക്ക പ്രഭാത ഭക്ഷണങ്ങൾ പോലും പുളിപ്പിച്ച മാവിൽ നിന്നാണ് ഉണ്ടാക്കുന്നത്. യീസ്റ്റ്, പൂപ്പൽ, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കൾ ഭക്ഷണത്തിലെ പഞ്ചസാരയെയും അന്നജത്തെയും വിഘടിപ്പിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് പുളിപ്പിക്കൽ എന്ന് പറയുന്നത്. ഈ സൂക്ഷ്മാണുക്കൾ പഞ്ചസാരയും അന്നജവും തിന്നുകയും ആസിഡുകൾ അല്ലെങ്കിൽ വാതകങ്ങൾ പോലുള്ള വിവിധ ഉപോൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കുടലിൻ്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും അതുപോലെ ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്കുകൾ പോലുള്ള ബാക്ടീരിയകളെ ഉത്പ്പാദിപ്പിക്കാനും ഇത് സഹായിക്കും.
ഭക്ഷണം പുളിപ്പിച്ച് എടുക്കുമ്പോൾ അതിൻ്റെ പോഷകമൂല്യം വർധിക്കാറുണ്ട്. ഏറ്റവും പ്രധാനമായി കുടലിൻ്റെ പ്രവർത്തനങ്ങൾക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുന്നത്. പഴങ്കഞ്ഞി, തൈര്, ദോശ, ഇഡ്ഡലി തുടങ്ങിയ ഭക്ഷണങ്ങളെല്ലാം പുളിപ്പിച്ച ഭക്ഷണത്തിൽപ്പെടുന്നതാണ്. ഇത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകാറുണ്ട്. പ്രോബയോട്ടിക്സ് എന്ന് അറിയപ്പെടുന്ന ഈ ബാക്ടീരിയകൾ മലബന്ധം മാറ്റാനും അതുപോലെ വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.
രാവിലെയോ അല്ലെങ്കിൽ ഉച്ചയ്ക്കോ ആണെന്നാണ് ആയുർവേദ വിദഗ്ധയായ ഡോ.ഡിംപിൾ പറയുന്നത്. രാത്രിയിൽ ഇത്തരം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. കാരണം ഈ ഭക്ഷണങ്ങൾ ചിലപ്പോൾ നിർജ്ജലീകരണത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഇത് മാത്രമല്ല പുളിപ്പിച്ച ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ബാക്ടീരിയകൾ ആമാശയത്തിലെ ചൂട് വർധിപ്പിക്കുന്നു. രാത്രി കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉറക്കത്തെ ബാധിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.
പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ പുളിപ്പിച്ച ഭക്ഷണം നൽകുമെങ്കിലും ചില ആളുകൾ ഇത് ഒഴിവാക്കേണ്ടത് ഏറെ പ്രധാനമാണ്. ചിലർക്ക് ഇത്തരം ഭക്ഷണം കഴിക്കുന്നത് അലർജി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരക്കാർ ഇത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. അതുപോലെ രക്തസമ്മർദ്ദം ഉള്ളവർക്കും ഒഴിവാക്കാം. ആച്ചാർ പോലെയുള്ളവയിൽ അടങ്ങിയിരിക്കുന്ന ഉപ്പ് രക്തസമ്മർദ്ദം കൂടാൻ കാരണമാകും. ഗർഭിണികളും പാൽ കൊടുക്കുന്ന അമ്മമാരും ഒരു പരിധിയിൽ കൂടുതൽ ഇത്തരം ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.