കേരളം
കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ കോവളത്ത്
കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ കോവളത്ത് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. ഇൻഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാൻഡുകൾക്കും ഗായകർക്കും ഒപ്പം ഇൻഡ്യയിലെ 14 പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൽ അവതരിപ്പിക്കും. ഇൻഡീ സംഗീതത്തിൻ്റെ രാജ്യാന്തരജിഹ്വയായ ലേസീ ഇൻഡീ മാഗസീനിൻ്റെ സഹകരണത്തോടെയാണ് ഇൻ്റർനാഷണൽ ഇൻഡീ മൂസിക് ഫെസ്റ്റിവൽ (IIMF) സംഘടിപ്പിക്കുന്നത്.
മ്യൂസിക് ബാൻഡുകൾ സ്വന്തമായി ഗാനങ്ങൾ രചിച്ചു സംഗീതം പകർന്ന് സുസജ്ജമായ വാദ്യോപകരണ, ശബ്ദ-പ്രകാശവിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇൻഡീ മ്യൂസിക്. ഈ രംഗത്ത് രാജ്യത്തേതന്നെ ആദ്യത്തെതും പ്രമുഖവുമായ മേളയാണ് ഐഐംഎഫെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രോത്സവവും നാടകോത്സവവും ഒക്കെപ്പോലെ സംഗീതരംഗത്തെ കേരളത്തിൻ്റെ പ്രതിവർഷമേളയ്ക്ക് ഇതോടെ തുടക്കമാകുകയാണ്.
റോക് സംഗീതേതിഹാസം എറിക് ക്ലാപ്റ്റണിൻ്റെ അനന്തരവൻ യുകെയിലെ വിഖ്യാതനായ വിൽ ജോൺസ് , അമേരിക്കയിലെ ജനപ്രിയ ഹാർഡ് റോക്ക് ഗായകൻ സാമി ഷോഫി , മറ്റൊരു ബ്രിട്ടിഷ് ബാൻഡായ റെയ്ൻ , മലേഷ്യയിൽനിന്നു ലീയ മീറ്റ, പാപ്പുവ ന്യൂ ഗിനിയിൽനിന്ന് ആൻസ്‌ലോം, സിംഗപ്പൂരിൽനിന്നു രുദ്ര, ഇറ്റലിയിൽനിന്ന് റോക് ഫ്ലവേഴ്സ് എന്നീ ബാൻഡുകളും ഗായകരുമാണു വിദേശത്തുനിന്ന് എത്തുന്നത്. അന്താരാഷ്ട്രപുരസ്ക്കാരങ്ങൾ നേടിയ, സ്വന്തം രാജ്യങ്ങളിൽ ഏറെ ആസ്വാദകരുള്ള ഗായകരാണിവർ.
പങ്കെടുക്കുന്ന ഇൻഡ്യൻ ബാൻഡുകൾ മുംബൈയിലെ ഷെറീസ് , ആർക്ലഫ്, വെൻ ചായ് മെറ്റ് ടോസ്റ്റ്, ഹരീഷ് ശിവരാമകൃഷ്ണൻ്റെ അഗം, സ്ക്രീൻ 6, സിത്താര കൃഷ്ണകുമാറിൻ്റെ പ്രൊജക്ട് മലബാറിക്കസ്, ഊരാളി , ജോബ് കുര്യൻ , കെയോസ്, ലേസീ ജേ, ചന്ദന രാജേഷ്, താമരശേരി ചുരം, ഇന്നർ സാങ്റ്റം, ദേവൻ ഏകാംബരം എന്നിവയാണ്.
ആകെ 21 ബാൻഡ്. ദിവസം നാലും അഞ്ചും അവതരണങ്ങൾ. വിദേശീയഗായകരുടെയും ഇൻഡീ മ്യൂസിക്കിൻ്റെയും ധാരാളം ആരാധകരും പുറത്തുനിന്നു വരുന്നുണ്ട്. ലോകത്തെ പ്രമുഖ ഗായകരെ പരിചയപ്പെടാനും അവർക്കൊപ്പം വാദ്യോപകരണങ്ങൾ വായിക്കാനും അതുവഴി ആഗോളതലത്തിലേക്ക് ഉയരാനും ഇൻഡ്യയിലെ കലാകാരർക്ക് അവസരം ഒരുക്കുന്നതുകൂടിയാണു മേള.
എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതൽ പ്രവേശിക്കാം. ബുക്ക് മൈ ഷോയിലൂടെ ഓരോ ദിവസത്തെയും പരിപാടിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. കേരള ആർട്ട്സ് & ക്രാഫ്റ്റ്സ് വില്ലേജുമായി ബന്ധപ്പെട്ടും ടിക്കറ്റ് വാങ്ങാം. ബുക്കിങ് നവംബർ 6-ന് അവസാനിക്കും. മേളയുടെ ദിവസങ്ങളിൽ ക്രാഫ്റ്റ്സ് വില്ലേജിലെ പതിവുസന്ദർശനം വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കും.
ലിബറേഷൻ എന്ന തീമിൽ ഊന്നി ക്രാഫ്റ്റ് വില്ലേജ് വളപ്പിൽ ഒരു ഡസൻ ഇൻസ്റ്റലേഷനുകളും സ്റ്റേജും ഗേറ്റും ഒക്കെ ഐഐഎംഎഫിനായി ഒരുക്കുന്നുണ്ട്. പ്രമുഖ ആർക്കിടെക്റ്റുകളായ എൻഎ പ്ലസ് ആണ് ഇവ ഒരുക്കുന്നത്.
ലോകമെങ്ങും പ്രചാരമുള്ള ഇൻഡീ മ്യൂസിക് സംസ്ക്കാരം നമ്മുടെനാട്ടിൽ ബാല്യദശയിലാണെന്നും അതിനെ ടൂറിസം വികസനത്തിനും കലാസാംസ്ക്കാരികവൈവിദ്ധ്യവത്ക്കരണത്തിനും വിനോദവ്യവസായത്തിനും വളരെയേറെ പ്രയോജനപ്പെടുമാറു പരിപോഷിപ്പിക്കാനും രാജ്യാന്തരനിലവാരം പകരാനും കഴിയുന്ന തരത്തിലാണ് ഐഐഎംഎഫ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്രാഫ്റ്റ്സ് വില്ലേജ് സിഒഒ ശ്രീപ്രസാദ് പറഞ്ഞു. ഇത്തരമൊരു രാജ്യാന്തരമേള പ്രതിവർഷപരിപാടി (calendar event) ആകുന്നത് ടൂറിസം ഭൂപടത്തിലെ കേരളത്തിന്റെ പദവി കൂടുതൽ ഉയർത്തുമെന്ന് ലേസീ ഇൻഡീ മാഗസീൻ എഡിറ്ററും ഗായകനുമായ ജേ അഭിപ്രായപ്പെട്ടു. ക്രാഫ്റ്റ്സ് വില്ലേജ് ബിസിനസ് ഡെവലപ്‌മെൻ്റ് മാനേജർ സതീഷ് കുമാറും ലേസി ഇൻഡി സിഒഒ റ്റി. എൻ. മനോജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.