കേരളം
ആറു തിയേറ്ററുകളിലായി 80 ചിത്രങ്ങൾ; രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 17 മുതല്‍ എറണാകുളത്തേക്ക്
തിരുവനന്തപുരത്തിന് ശേഷം രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 17 മുതല്‍ എറണാകുളത്തേക്ക്. 80 ചിത്രങ്ങളാണ് എറണാകുളത്തും ആറു തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നത്.രാജ്യാന്തര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്, മലയാളസിനിമ ഇന്ന്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളായാണ് പ്രദര്‍ശനം.
ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ട് , കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ,അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ് , മോഹിത് പ്രിയദര്‍ശിയുടെ കൊസ എന്നിവ ഉള്‍പ്പടെ 22 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടത്തുന്നത്. സരിത തിയേറ്ററാണ് മുഖ്യവേദി . ഇതിനു പുറമെ സവിത ,സംഗീത , കവിത ,ശ്രീധര്‍, പദ്മ എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍. മേളയിലെത്തുന്ന ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍ , വോളന്റിയര്‍മാര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്ക് ഇവിടെ ഫെബ്രുവരി 15,16,17 തീയതികളില്‍ സൗജന്യമായി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചലച്ചിത്ര അക്കാദമിയും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത് .ആശുപത്രികളില്‍ നിന്നും ലാബുകളില്‍ നിന്നുമുള്ള (മേള തുടങ്ങുന്നതിനും 48 മണിക്കൂര്‍ മുന്‍പ് നടത്തിയത്) കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പ്രവേശനം അനുവദിക്കുമെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന് അറിയിച്ചു.
ഫെസ്റ്റിവല്‍ പാസുകളുടെയും കിറ്റുകളുടെയും വിതരണം ഫെബ്രുവരി 15 ന് ആരംഭിക്കും. സവിത, സരിത സംഗീത തിയേറ്റര്‍ സമുച്ചയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം നടത്തുന്നത് .പാസ് വിതരണത്തിനൊപ്പമാകും ആന്റിജന്ടെസ്റ്റുംആരംഭിക്കുക. പാസ് വിതരണ വേദിയിലും മേളയിലും പ്രതിനിധികള്‍ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അക്കാഡമി സെക്രട്ടറി അറിയിച്ചു. തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള നടക്കുന്നത്. ഫെബ്രുവരി 10 ന് തിരുവനന്തപുരത്തായിരുന്നു മേള ആരംഭിച്ചത്.