കേരളം
ആസൂത്രിത തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍
തെന്നിന്ത്യയൊട്ടാകെ ഏറ്റവും വലിയ വിജയമായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്ന് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകിയിരുന്നു.
എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽനിന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്.
7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു.
ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.