കേരളം
ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ
ലൈഫ് മിഷനിൽ നിർമിച്ച വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷ്വറൻസ് കന്പനിയായ യുണൈറ്റഡ് ഇൻഷ്വറൻസ് കന്പനിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്.
ആദ്യ മൂന്നുവർഷത്തേക്കുള്ള പ്രീമിയം സർക്കാർ അടയ്ക്കും. 2,50,547 വീടുകൾക്ക് 8.74 കോടി രൂപയാണ് മൂന്നുവർഷത്തേക്ക് പ്രീമിയമായി വരുന്നത്.
മൂന്നു വർഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇൻഷ്വറൻസ് പുതുക്കാം. ലൈഫ് മിഷനിൽ മൂന്നാം ഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിന് ഹഡ്കോയിൽ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നൽകാനും തീരുമാനിച്ചു.