കേരളം
ജാഗ്രത വേണം… അല്‍പം ശ്രദ്ധിച്ചാല്‍ ഏറെ നേട്ടം; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് നിർദേശവുമായി ആരോഗ്യമന്ത്രി
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ റൂം ഐസൊലേഷനാണ് നല്ലതെന്ന് കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ നമ്മള്‍ തെളിയിച്ചതാണ്.
ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. മറ്റ് പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കുന്ന അത്യാവശ്യ മരുന്നും പൂര്‍ണ വിശ്രമവും കൊണ്ട് രോഗം മാറുന്നതാണ്. ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാവുന്നതാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗ രേഖയും പുതുക്കിയിരുന്നു. ഇതിലൂടെ രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ സാധിക്കുന്നു. മാത്രമല്ല ആശുപത്രി നിറയാതെ എല്ലാവര്‍ക്കും ചികിത്സ നല്‍കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷന്‍ എന്നത് റൂം ഐസൊലേഷനാണ്. അതിനാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ജനിതക വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. സങ്കീര്‍ണതകള്‍ വരികയാണെങ്കില്‍ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പള്‍സ് ഓക്‌സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നന്നായിരിക്കും. പള്‍സ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ച് വയ്‌ക്കേണ്ടതാണ്.