ക്രൈം
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍; പരിചയപ്പെട്ടത് ഒരുമാസം മുമ്പ്
കൊല്ലത്ത് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ചവര്‍ സുഹൃത്തുക്കള്‍. ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞു.
ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന് പിള്ളയുടെ മകന് എസ്. അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.
ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്.
കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിറാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു.
കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അനന്തു. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ് മീനാക്ഷി. ഇരുവരും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.
സിനിമ കാണാന്‍ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടില്‍നിന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്. വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.