കേരളം
കടകളിൽ പരിശോധന; കണ്ടെത്തിയത് അമിത വില ഈടാക്കിയതടക്കം ക്രമക്കേടുകൾ
പൊതുവിപണിയിലെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നിർദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫീസറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. 33 കടകളിൽ നടത്തിയ പരിശോധനയിൽ 12 ക്രമക്കേടുകളാണ് കണ്ടെത്തിയത്.
സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, പഴം, പച്ചക്കറി കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായും വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതായും നിയമാനുസൃത ലേബലുകൾ കൂടാതെ സാധനങ്ങൾ വിതരണം ചെയ്യുന്നതായും കണ്ടെത്തി.
പരിശോധനാ വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർമാരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തും തക്കാളിയടക്കമുള്ള പച്ചക്കറികൾക്ക് വില കൂടിയിട്ടുണ്ട്. അതേസമയം, വിലവർധനവിന്റെ മറവിൽ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അടക്കമുള്ളവ വർധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് പരശിധോനകൾ നടത്താൻ കളക്ടർ നിർദേശം നൽകിയത്. വില വിവര പട്ടിക പോലും പ്രദർശിപ്പിക്കാതെ തോന്നിയ വില വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, പഴം, പച്ചക്കറി കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.